തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയർമാനാകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിച്ചത്.
നിലവിൽ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതലയേറ്റത്. എം ടെക് ബിരുദധാരിയായ ഡോ. ബൈജു തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായിരിക്കെയാണ് പി എസ് സി അംഗമായി നിയമിതനായത്.
മഞ്ജു എസ് ദേവ് ഭാര്യയാണ്. എം ബി സാഗര, എം ബി ആരതി കൃഷ്ണ എന്നിവർ മക്കളാണ്.
Be the first to comment