ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും; വീണ ജോർജ്

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും, സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും, നിലവാരം ഉയർത്തുവാനും, പുതിയ മാനദണ്ഡങ്ങൾ ആവിഷ്കരിക്കുവാനും ആരോഗ്യ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും സംയുക്ത യോഗത്തിൽ  തീരുമാനമായി. ആരോഗ്യ മന്ത്രി വീണ ജോർജും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ യോഗത്തിൽ പങ്കെടുത്തു. 

ആംബുലന്‍സുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കുക, ആംബുലന്‍സുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കുക, ആരോഗ്യ വകുപ്പിന്റെ കീഴില്‍ എല്ലാ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും വിദഗ്ധ പരിശീലനം നൽകുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ധാരണയായി. 

ബേസിക് ലൈഫ് കെയര്‍ സപ്പോര്‍ട്ട് അഡ്വാന്‍സ്ഡ് ലൈഫ് കെയര്‍ സപ്പോര്‍ട്ട് എന്നിവയിലാണ് പരിശീലനം. ആബുലന്‍സുകള്‍ക്ക് ജിപിഎസും ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷനും നിർബന്ധമാക്കും, ആംബുലന്‍സുകളുടെ നിറം ഏകീകൃതമാക്കും, മികച്ച ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആരോഗ്യ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ആംബുലന്‍സുകളുടെ സേവനങ്ങള്‍ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വിലയിരുത്താന്‍ ഗതാഗത വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ഐഎംഎ ആംബുലൻസ് സേവനമേഖല എന്നിവയുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.

വിവിധ കാറ്റഗറികളിലുള്ള ആംബുലന്‍സുകളുടെ സൗകര്യങ്ങള്‍, അവയുടെ സേവനം, ഫീസ്, നിറം, ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യോഗ്യത, പോലീസ് വെരിഫിക്കേഷന്‍, യൂണിഫോം ആംബുലന്‍സുകളുടെ ദുരുപയോഗം എന്നിവ പരിശോധിച്ച് കമ്മിറ്റി നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമർപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*