ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപ്പാസ്; ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഗതാഗത കുരുക്കുകൾക്ക് ആശ്വാസമായ പട്ടിത്താനം – മണർകാട് ബൈപാസ് മൂന്നാം റീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും.
രാവിലെ പത്തിന് പട്ടിത്താനം കവലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പട്ടിത്താനം കവലയിൽ നിന്നും റോഡ് ഷോയും തുടർന്ന് ഘോഷയാത്രയും നടക്കും .

പാറകണ്ടത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും.മുൻ എംഎൽഎ കെ. സുരേഷ് കുറുപ്പ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും

ബൈപാസ് റോഡ്  പൂർത്തിയായതോടെ വൈക്കം,പാലാ ഭാഗത്തു നിന്നുമുള്ള വാഹനങ്ങൾക്ക് ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിൽ പ്രവേശിക്കാതെ തിരുവല്ല വരെയും തിരുവല്ലയിൽ നിന്നും തിരിച്ചും ഈ റോഡിലൂടെ യാത്ര ചെയ്യാം. കൂടാതെ മണർകാട് നിന്ന് ശബരിമല, കുമളി ഭാഗങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയും.

പട്ടിത്താനം ജംഗ്ഷൻ മുതൽ പാറകണ്ടം വരെ 1.80 കിലോമീറ്റർ വരുന്ന മൂന്നാം റീച്ചിൻ്റെ ഉദ്ഘാടനമാണ് നടക്കുന്നത്. 12.60 കോടി രൂപയാണ് മൂന്നാം റീച്ചിൻ്റെ നിർമ്മാണ ചിലവ്. 2020ലാണ് മൂന്നാം റീച്ചിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പൂവത്തുംമൂട് പാലം മുതൽ പാറകണ്ടം വരെയുള്ള രണ്ടാം റീച്ചിൻ്റെ നിർമാണം 2016ൽ പൂർത്തിയാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*