നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മോനിഷ. ചെറിയ പ്രായത്തില്‍ ദേശീയ പുരസ്കാരം സ്വന്തമാക്കിയ കലാകാരി. എം.ടി വാസുദേവന്‍നായരുടെ വാക്കുകളില്‍, ‘നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്’.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരത്തിന്റെ അകാല വിയോഗം മലയാളികളെ സംബന്ധിച്ച് ഇന്നും മായാത്ത ഓര്‍മയാണ്. ഇരുപത്തിയൊന്നാമത്തെ വയസില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം മോനിഷയെ കവര്‍ന്നെടുക്കുകയായിരുന്നു. വീണ്ടുമൊരു ഡിസംബര്‍ അഞ്ച് കടന്നുപോകുമ്പോള്‍ മോനിഷ ഓര്‍മ്മയായിട്ട് 30 വര്‍ഷം പൂര്‍ത്തിയാകുന്നു.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബാംഗൂരില് തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗൂരിലായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയും. കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ല്‍ കര്‍ണാടക ഗവണ്മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്കുന്ന ‘കൌശിക അവാര്‍ഡ്’ മോനിഷയ്ക്കു ലഭിച്ചു.
1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു പ്രായം. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും കുടുംബസുഹൃത്തുമായ എം.ടി വാസുദേവന്‍ നായരാണ് ചലച്ചിത്ര രംഗത്തേക്കുള്ള ചുവടുവെപ്പിന് കാരണമായത്. എം.ടി കഥയും ഹരിഹരന് സംവിധാനം നിര്‍വ്വഹിച്ച നഖക്ഷതങ്ങള്‍ എന്ന ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. ഋതുഭേതങ്ങള്‍, ആര്യന്, പെരുന്തച്ചന്, തലസ്ഥാനം, വേനല്‍ കിനാവുകള്‍, കമലദളം, കുടുംബസമേതം, ചെപ്പടിവിദ്യ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ്.
1992 ഡിസംബര്‍ 5-ന് ‘ചെപ്പടിവിദ്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോനിഷയും അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിലെ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
Be the first to comment