ക്ലിഫ് ഹൗസിൽ പൊലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പൊലീസുകാരന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കില്‍നിന്നാണ് വെടിപൊട്ടിയത്.

രാവിലെ 9.30നാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.  രാവിലെ ഡ്യൂട്ടി മാറുമ്പോൾ പോലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും പുറപ്പെട്ടതിന് പിന്നാലെയാണിത്. പോലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷ്ണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ആർക്കും പരിക്കേറ്റിട്ടില്ല. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പോലീസുകാരനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*