കൊച്ചി വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രവേശനമില്ല; ഹര്‍ജി തള്ളി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി . നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോ ഡ്രൈവര്‍മാരായ പി.കെ രതീഷ്, കെ.എം രതീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. പൊതുതാത്പര്യവും സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിയാലിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

സിയാല്‍ പരിസരത്ത് ടാക്‌സി കാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതുടര്‍ന്നാണ് തങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനു ശിവരാമന്‍ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമവും ചട്ടവും അനുസരിച്ച് വിമാനത്താവളങ്ങളും പരിസരവും നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി തളളുകയായിരുന്നു.

വിമാനത്താവളത്തില്‍ ഓട്ടോറിക്ഷ സര്‍വ്വീസ് നടത്താന്‍ അനുവദിക്കാത്തത് തൊഴില്‍ അവകാശ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*