കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ദുരൂഹ സംഭവം സിനിമയാകുന്നു. മെഡിക്കല്‍ കോളേജ് ക്യാപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവമാണ് സിനിമയാകുന്നത്.
ഇന്ദ്രന്‍സ് നായകനാകുന്ന ‘വാമനന്‍’ ചിത്രം ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകനും രചയിതാവുമായ എ.ബി ബിനില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ രചനയിലേക്ക് നയിച്ചത്. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദമായിരുന്നു ആശുപ്രത്രി ജീവനക്കാരും രോഗികളും കേട്ടിരുന്നത്. മെഡിക്കല്‍ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചിരുന്നു. പക്ഷേ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് രാത്രിയില്‍ പോകാന്‍ തയ്യാറായില്ല. നിരവധി മരണങ്ങള്‍ നടന്നിട്ടുള്ള വാര്‍ഡുകളുടെ സാമീപ്യം കൊണ്ട് പലരും ഭയന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
ഈ സംഭവം ഒരു സിനിമയുടെ പ്രമേയം അക്കാമല്ലോ എന്ന തോന്നലാണ് അതിന്റെ പിന്നാലെ പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബിനില്‍ പറഞ്ഞു. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ അണിയിച്ചൊരുക്കിയിട്ടുള്ളത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് നിര്‍മ്മാണം. ഈ ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.
Be the first to comment