ധാക്ക: രവിചന്ദ്രൻ അശ്വിനും ശ്രേയസ് അയ്യരും നടത്തിയ വീരോചിത പോരാട്ടത്തിന് ഒടുവിൽ ക്രിസ്തുമസ് ദിനത്തിൽ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് രണ്ട് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. രണ്ടാം ടെസ്റ്റിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യക്ക് തുടക്കത്തിലേ തകർച്ച നേരിട്ടിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 45 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി.
മൂന്ന് വിക്കറ്റുമായി മെഹിദി ഹസനാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തിയത്. പരമ്പരയിൽ മോശം ഫോം തുടരുന്ന താൽക്കാലിക നായകൻ കെഎൽ രാഹുലിനെ ഷാക്കിബ് അൽ ഹസൻ രണ്ട് റൺസിന് പുറത്താക്കി. പിന്നാലെ ചേതേശ്വർ പൂജാര (6), ഗിൽ (7), വിരാട് കോഹ്ലി (1) എന്നിവരെ മെഹിദി പവലിയനിലേക്ക് മടക്കിയതോടെ ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
നാലാം ദിനം ജയദേവ് ഉനദ്ക്കട്ടിനെ പുറത്താക്കിയ ഷാക്കിബ് അൽ ഹസൻ ബംഗ്ലാദേശിന് വിജയ പ്രതീക്ഷ നൽകി. ഇതിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് കഴിഞ്ഞു. ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരെ ഒൻപത് പന്തുകൾക്ക് ഇടയിൽ നഷ്ടപ്പെട്ടതോടെ ഇന്ത്യ പിന്നോട്ടായെങ്കിലും പുറത്താകാതെ 42 റൺസ് നേടി ആർ അശ്വിനും, 29 റൺസുമായി ശ്രേയസ് അയ്യരും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Be the first to comment