കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇടുക്കി പുറപ്പുഴ സ്വദേശി എൻ.എം. ജോണിനെ (57) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളും ബസ് ജീവനക്കാരനായ സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം 29ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ മറ്റൊരു ബസിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു.
ഇയാൾക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ഇയാളുടെ സുഹൃത്തായ സച്ചിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്ക് വേണ്ടി നടത്തിയ തിരച്ചിലിലാണ് കണ്ണൂരിൽനിന്ന് പിടികൂടിയത്. തൊടുപുഴ, കരിങ്കുന്നം, മണർകാട്, അയർക്കുന്നം സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.
ഈസ്റ്റ് എസ്.എച്ച്.ഒ പി.എസ്. ഷിജു, എസ്.ഐ വിപിൻ, സി.പി.ഒമാരായ യേശുദാസ്, അജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Be the first to comment