പാകിസ്താന്റെ ഇന്നിങ്‌സിലെ പതിനഞ്ചാം ഓവര്‍ വരെ ലോകകപ്പ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലെ വിദഗ്ധസംഘം മുന്നോട്ടുവച്ച പ്രവചനത്തില്‍ 92 ശതമാനം വിജയസാധ്യത പാകിസ്താനും എട്ടു ശതമാനം ഇന്ത്യയ്ക്കും. അത്രയ്ക്ക് സേഫായിരുന്നു ആ നിലയില്‍ പാകിസ്താന്‍. എന്നാല്‍, എപ്പോഴത്തേയും ഇന്ത്യ-പാക് പോരാട്ടം പോലെ ഒരു ത്രില്ലര്‍ കാത്തിരിക്കുകയായിരുന്നു ന്യൂയോര്‍ക്കില്‍. ആ ത്രില്ലറിന് ചുക്കാന്‍ പിടിച്ചത് ജസ്പ്രിത് ബുംറ എന്ന ഇന്ത്യന്‍ പേസര്‍.
36 പന്തില്‍ 40 റണ്‍സ് വിജയലക്ഷ്യമുള്ളപ്പോഴാണ് അടുത്ത സ്‌പെല്ലിനായി ബുംറ എത്തുന്നത്. ഫോമിലുള്ള ഓപ്പണര്‍ മുഹമ്മദ് റിസ്വാന്റെ സാന്നിധ്യത്തില്‍ പാക് നിര ഏതാണ്ട് വിജയം ഉറപ്പിച്ച അവസ്ഥയില്‍. എന്നാല്‍, 15ാം ഓവറിലെ ആദ്യപന്ത് മനോഹരമായ ഇന്‍ സ്വിങര്‍, മിഡ്ഓണിലേക്ക് കൂറ്റനടിക്ക് ശ്രമിച്ച റിസ്‌വാന് പിഴച്ചു. ബാറ്റിന്റെ അടുത്ത് പോലും ബോള്‍ ഉണ്ടായിരുന്നില്ല, റിസ്‌വാന്റെ വിക്കറ്റുകള്‍ ബുംറയുടെ പന്ത് തകര്‍ത്തപ്പോള്‍ അതൊരു സൂചനയായിരുന്നു, ഇന്ത്യന്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന സൂചന.
15-ാം ഓവറില്‍ മൂന്നു റണ്‍സ് മാത്രം വിട്ടുനല്‍കിയ ബുമ്രക്ക് തന്നെയായിരുന്നു നിര്‍ണായകമായ പത്തൊമ്പതാം ഓവര്‍ എറിയാനുള്ള ചുമതലയും. രണ്ട് ഓവറില്‍ 21 റണ്‍സായിരുന്നു അപ്പോള്‍ പാകിസ്താന്റെ ലക്ഷ്യം. ആ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വഴങ്ങി ഇഫ്തിക്കര്‍ അഹമ്മദിനെ കൂടി തിരിച്ചയച്ചതോടെ പാകിസ്താന്‍ തോല്‍വി ഉറപ്പിച്ചു തുടങ്ങുകയായിരുന്നു.
അവസാന ഓവറില്‍ 18 റണ്‍സായിരുന്നു വിജയലക്ഷ്യം. ആദ്യ പന്തില്‍ ഇമാദ് വസീമിനെ ഋഷഭ് പന്തിന്റെ ഗംഭീര ക്യാച്ചിലൂടെ അര്‍ഷ്ദീപ് പുറത്താക്കി. പിന്നെ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും വിജയലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്‍ നിന്ന് അര്‍ഷദീപ് തടയുകായായിരുന്നു. ഒരു ഫോര്‍ ഉള്‍പ്പെടെ 12 റണ്‍സ് അവസാന ഓവറില്‍ വന്നെങ്കിലും ഇന്ത്യക്കെതിരേ വീണ്ടുമൊരു ലോകകപ്പ് പരാജയം എന്നതിലേക്ക് പാക് ടീം എത്തി. മത്സരത്തില്‍ ഏറിയ പങ്കും മേധാവിത്വം പുലര്‍ത്തിയിട്ടും പാകിസ്താനെ ഇടംവലം വിടാതെ പിടിച്ചുനിര്‍ത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. നാലോവര്‍ ക്വോട്ട തികച്ച ബുംറ വെറും പതിനാല് റണ്‍സാണ് വഴങ്ങിയത്, നേടിയത് നിര്‍ണായക സമയങ്ങളില്‍ മൂന്ന് വിലപ്പെട്ട വിക്കറ്റുകളും.
അമേരിക്കയോടും ഇന്ത്യയോടും പരാജയം ഏറ്റുവാങ്ങിയ പാകിസ്താന്‍ ലോകകപ്പില്‍ സൂപ്പര്‍എട്ട് കാണാതെ പുറത്താകുമെന്ന് അവസ്ഥയിലാണ്. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയും യുഎസും നാലു പോയിന്റുമായി മുന്നിലാണ്. ലോകകപ്പില്‍ തുടരാന്‍ ഇനിയുള്ള രണ്ടു മത്സരങ്ങളും പാകിസ്താന്‍ ജയിച്ചാല്‍ മാത്രം പോരാ. യുഎസും കാനഡയും എല്ലാ മത്സരങ്ങളും തോല്‍ക്കുകയും വേണം. അങ്ങനെ വന്നാലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും രണ്ടാംസ്ഥാനക്കാരെ കണ്ടെത്തുക. അയര്‍ലന്‍ഡ്, കാനഡ ടീമുകളുമായി ആണ് ഇനി പാകിസ്താന്റെ മത്സരങ്ങള്‍.
Be the first to comment