‘കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നു’; ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും; എകെ ശശീന്ദ്രന്‍

കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി പറഞ്ഞു.

നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. ഈ ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് നിയമടപടികളുമായി മുന്നോട്ടുപോകുകയാണ്. നമ്മുടെ നാട്ടിലെ ഉത്സവാചാരത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. നിബന്ധനകള്‍ ആര് ലംഘിച്ചാലും ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുമെന്നുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ നടിപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകള്‍. രണ്ട് ആനകളുടെ ഉള്‍പ്പെടെ ഫീഡിങ് റജിസ്റ്റര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റജിസ്റ്റര്‍, മറ്റു റജിസ്റ്ററുകള്‍ തുടങ്ങിയവ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?, ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

അതേസമയം, ആനയെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചതായും കീര്‍ത്തി വ്യക്തമാക്കി.

ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ കുറുവങ്ങാട് വെട്ടാംകണ്ടി താഴെക്കുനി ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരാണു മരിച്ചത്. 32 പേര്‍ക്കു പരിക്കേറ്റു; 8 പേരുടെ നില ഗുരുതരമാണ്. ഉത്സവത്തിനിടെ ഇന്നലെ വൈകിട്ട് ആറിനാണ് പീതാംബരന്‍, ഗോകുല്‍ എന്നീ ആനകള്‍ ഇടഞ്ഞത്.

 

Be the first to comment

Leave a Reply

Your email address will not be published.


*