സൈബർ സെല്ലിൽ പരാതി നൽകും; ‘ARM’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ‌ സ്റ്റീഫൻ

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (ARM ) വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു . വ്യാജപതിപ്പ് ഇറങ്ങിയത് തീയറ്ററിൻ്റെ അറിവോടുകൂടിയാണെങ്കിൽ, അത്തരം തിയേറ്ററുകൾ ഇനി സിനിമകൾ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഒന്നര വർഷത്തെ പലരുടെയും പരിശ്രമത്തിനെയും സ്വപ്നത്തിനെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു.

അതേസമയം, വ്യാജപതിപ്പിറങ്ങുന്നതിനെതിരെയാണ് സംഘടനകൾ കരുത്ത് കാണിക്കേണ്ടതെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞു. സിനിമകൾ തിയേറ്ററിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യാജപതിപ്പ് ഇറങ്ങുന്നത് ആശങ്കയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ്  വ്യക്തമാക്കി.

ജിതിൻ ലാൽ സംവിധാനം ചെയ്ത് സെപ്റ്റംബർ 12 ന് പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പുറത്തിറങ്ങി 5 ദിവസം കൊണ്ട് 50 കോടി കളക്ഷനിലേക്ക് അടുക്കുന്ന അവസരത്തിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പിനെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ചിത്രം കൂടിയയാരുന്നു ARM. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ ഉയരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*