ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

ഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപി നേതാക്കളായ മനീഷ് സിസോദിയ, വിജയ് നായർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് എട്ട് വരെ കോടതി നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവരെ പ്രത്യേക ജഡ്ജി കാവേരി ബവേജയ്ക്ക് മുന്നിൽ ഹാജരാക്കിയത്. ഇവർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കുറ്റപത്രവുമായി ബന്ധപ്പെട്ട രേഖകൾ ഡിജിറ്റലൈസ് ചെയ്യാൻ എത്ര സമയമെടുക്കുമെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനോട് ജഡ്ജി നിർദേശിച്ചു.

വിചാരണ വേളയിൽ ഇഡിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ നവീൻ കുമാർ മട്ടയും സൈമൺ ബെഞ്ചമിനും കുറ്റാരോപിതർ നടപടികൾ വൈകിപ്പിക്കുകയാണെന്നും വിചാരണ വേഗത്തിലാക്കാൻ തയ്യാറായില്ലെന്നും ആരോപിച്ചു. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആർഎസ് നേതാവ് കെ കവിതയെയും നേരത്തെ മെയ് ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

എക്‌സൈസ് നയം പരിഷ്‌ക്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുക്കുകയും അതിന് വേണ്ടി വാങ്ങിയ കൈക്കൂലി പണം ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായുമാണ് ഇഡി ആരോപിക്കുന്നത്. നേരത്തെ ആം ആദ്മിയുടെ മറ്റൊരു മുതിർന്ന നേതാവായ സഞ്ജയ് സിംഗിന് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഒഴിവാക്കി കോടതി ജാമ്യം നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*