ബ്രിജ് ഭൂഷൺ സിങിന് തിരിച്ചടി ; ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും അടക്കം കുറ്റങ്ങൾ ചുമത്താൻ കോടതി ഉത്തരവ്

ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷനുമായി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമകുറ്റം ചുമത്താനുള്ള മതിയായ തെളിവുകൾ ഉണ്ടെന്ന് ഡൽഹി കോടതി. വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിലും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനും ബ്രിജ്ഭൂഷണെതിരെ കേസ് എടുക്കും.

ബ്രിജ് ഭൂഷണെതിരെ ആറ് ഗുസ്തി താരങ്ങളായിരുന്നു കോടതിയെ സമീപിച്ചത്. നേരത്തെ ഇയാൾക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 354, 354 (എ), 354 (എ), 354 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. മുൻ ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

1599 പേജുള്ള കുറ്റപത്രത്തിൽ സിആർപിസി 164 പ്രകാരം 44 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ഏപ്രിൽ 18 ന് കുറ്റം ചുമത്തുന്നത് സംബന്ധിച്ച ഉത്തരവ് പറയേണ്ടതായിരുന്നു. എന്നാൽ ഡബ്ല്യുഎഫ്‌ഐ ഓഫീസിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സിങ് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് കോടതി ഉത്തരവ് പറയുന്നത് മാറ്റി.

തുടർന്ന് ഏപ്രിൽ 26 അപേക്ഷ കോടതി തള്ളുകയും ഇന്ന് വിധി പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം, ആരോപണത്തിന് പിന്നാലെ ബ്രിജ്ഭൂഷണിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും ബ്രിജ്ഭൂഷന്റെ മകന് ബിജെപി സീറ്റ് നൽകിയിരുന്നു. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ ആണ് ബ്രിജ് ഭൂഷണിന്റെ മകൻ കരൺ സിങ് മത്സരിക്കുന്നത്.

ബ്രിജ് ഭൂഷണെതിരായ ഒരു ആരോപണവും തെളിയിക്കപ്പെട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടാൽ പോലും ആ കുറ്റം മക്കളുടെ മേൽ ചുമത്താൻ കഴിയില്ലെന്നും കരണിന് സീറ്റ് നൽകിയതിനെ ന്യായീകരിച്ച് കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, ബിജെപിയുടെ നടപടിക്കെതിരേ ഗുസ്തി താരം സാക്ഷി മാലിക് അടക്കം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പെണ്‍മക്കള്‍ തോറ്റു എന്നായിരുന്നു സാക്ഷിയുടെ  പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*