മലപ്പുറം: ഇന്ത്യൻ താരം മഷൂർ ഷെരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ടീമും അക്കാദമിയും ഉയരുന്നു. നാട്ടിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി, ചിട്ടയായ പരിശീലനം വഴി കളിമെച്ചപ്പെടുത്തി വലിയ പ്രൊഫഷണൽ ടീമുകളിലേയ്ക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് ജനകീയമായി ആരംഭിക്കുന്ന പുതിയ ഫുട്‌ബോൾ ടീമിന്റെ വരവ്. മലപ്പുറം കുന്നുമ്മലിന്റെ അയൽ ദേശമായ കാവുങ്ങലിൽ, കാവുങ്ങൽ യുണൈറ്റഡ് എഫ് സി എന്ന പേരിലാണ് ക്ലബ്ബ് രജിസ്റ്റർ ചെയ്യപ്പെടുക. യൂത്ത് ഡെവലപ്‌മെന്റ് ലക്ഷ്യമാക്കി അണ്ടർ 13, അണ്ടർ 16, അണ്ടർ 18 എന്നീ വിഭാഗങ്ങളിൽ തുടക്കത്തിൽ ടീമുകൾ രൂപീകരിക്കും എന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 18ന് നടക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പ് വഴിയായിരിക്കും ക്ലബ്ബിലെ പ്രാദേശിക താരങ്ങളുടെ റിക്രൂട്ട്‌മെന്റ്.
ഇന്ത്യൻ ഫുട്‌ബോളിൽ ഒട്ടനവധി മികച്ച പ്രതിഭകൾക്ക് ജന്മം നൽകിയ മലപ്പുറത്ത് നിന്നും ദേശീയ കുപ്പായമണിഞ്ഞ മറ്റൊരു പ്രതിഭാധനനായ താരമാണ് മഷൂർ ഷരീഫ്. 2017ൽ, ചെന്നൈ സിറ്റിയിൽ കളിച്ചാണ് മഷൂർ തന്റെ പ്രൊഫഷണൽ ഫുട്‌ബോളിലേയ്ക്കുള്ള കടന്നുവരവ് നടത്തുന്നത്. മുൻപ് ചിട്ടയായ പരിശീലനമോ അവസരങ്ങളോ കിട്ടാത്തതിനാൽ 25 വയസ്സിനോടടുത്ത സമയത്താണ് ഈ അരങ്ങേറ്റം സാധ്യമായത്. 2020ൽ നോർത്ത് ഈസ്റ്റിലും, 2023ൽ പഞ്ചാബിലും കളിച്ച താരം നിലവിൽ ഗോകുലം കേരള എഫ് സിയിലാണ് പന്തുതട്ടുന്നത്. 2021 മാർച്ച് 29ന് യുഎ ക്കെതിരേ ആയിരുന്നു മഷൂരിന്റെ ഇന്റർനാഷണൽ അരങ്ങേറ്റം. നാട്ടിലെ പരിശീലനങ്ങളുടെ അഭാവം മൂലം തനിക്ക് നഷ്ടമായ അവസരങ്ങൾ ഇനി മറ്റൊരു യുവതാരത്തിനും നഷ്ടമാകരുത് എന്ന അതിയായ ആഗ്രഹത്തിന്റെ ബാക്കിയായാണ് കാവുങ്ങൽ യുണൈറ്റഡ് എഫ് സി പടുത്തുയർത്തപ്പെടുന്നത് എന്ന് മഷൂർ ശരീഫ് പറഞ്ഞു.
Be the first to comment