സഞ്ജുവിന്റെയും തിലകിന്റെയും സംഹാര താണ്ഡവം; ജൊഹന്നാസ്ബര്‍ഗില്‍ പിറന്നത് ഈ റെക്കോര്‍ഡുകള്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 135 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ മത്സരത്തില്‍ പിറന്നത് ഒരു കൂട്ടം റെക്കോര്‍ഡുകള്‍. മത്സരത്തില്‍ രണ്ടാം വിക്കറ്റില്‍ 93 പന്തില്‍ 210 റണ്‍സ് കൂട്ടിചേര്‍ത്ത സഞ്ജു- തിലക് സഖ്യം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു.

ടി20യില്‍ രണ്ടാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്. രണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടും ആണിത്. ഇന്നലെ 56 പന്തില്‍ 6 ഫോറും 9 സിക്‌സും സഹിതം 109 റണ്‍സാണ് സഞ്ജു നേടിയത്. തിലക് വര്‍മ 47 പന്തില്‍ 10 സിക്‌സും 9 ബൗണ്ടറിയും അടക്കം 120 റണ്‍സാണ് നേടിയത്.

നാല് മത്സരങ്ങളടങ്ങുന്ന പരമ്പയില്‍ രണ്ട് സെഞ്ച്വറി നേടിയ സഞ്ജു ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ടി20 ഐ സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ താരമായി.

ടി20യില്‍ ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ജോഡികളെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി. 2022ല്‍ ബള്‍ഗേറിയക്കെതിരെ ചെക്ക് റിപ്പബ്ലിക്കിന്റെ സബാവൂണ്‍ ഡേവിസിയും ഡിലന്‍ സ്റ്റെയ്നും ഈ നേട്ടത്തിലെത്തിയ ആദ്യ താരങ്ങള്‍. ചൈനയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ജപ്പാന്റെ കെന്‍ഡല്‍ കഡോവാക്കി-ഫ്‌ലെമങ്, ലാച്ലാന്‍ യമമോട്ടോ-ലേക്ക് എന്നിവര്‍ ഈ വര്‍ഷം ആദ്യം നേട്ടത്തിലെത്തിയിരുന്നു.

പുരുഷ ടി20 ചരിത്രത്തില്‍ ഇന്ത്യ മൂന്നാം തവണയാണ് 250 കടക്കുന്നത്. ടി20 ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ടീമെന്ന റെക്കോര്‍ഡിലും ഇന്ത്യ എത്തി. രണ്ട് തവണ 250-ലധികം സ്‌കോര്‍ ചെയ്ത് ചെക്ക് റിപ്പബ്ലിക്, ജപ്പാന്‍, സിംബാബ്വെ എന്നീ ടീമുകളെയാണ് ഇന്ത്യ മറികടന്നത്.

ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ 23 സിക്സറുകളാണ് പിറന്നത്. പുരുഷന്മാരുടെ ടി20യില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ടീമുകളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ മാസം ഗാംബിയയ്ക്കെതിരെ 27 സിക്സറുകള്‍ നേടിയ സിംബാബ്വെയാണ് പട്ടികയില്‍ മുന്നില്‍.

മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 283 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ടി20 ഫോര്‍മാറ്റില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും കുറിച്ചു. 2022-ല്‍ പോച്ചെഫ്സ്ട്രോമില്‍ നൈറ്റ്സിനെതിരെ ടൈറ്റന്‍സ് നേടിയ 271/3 ആയിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.

Be the first to comment

Leave a Reply

Your email address will not be published.


*