അതിരമ്പുഴ: ചുങ്കത്തെ എംജി സർവകലാശാല സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് അർദ്ധ ബോധാവസ്ഥയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ കുറവിലങ്ങാട്ട് നിന്ന് കണ്ടെത്തിയ യാസീൻ കോട്ടയം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ കഴിയവേ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോളേജ് കഴിഞ്ഞ് ആറരയോടെ യുവാവ് വീട്ടിൽ എത്താതെ വരികയും ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികയും ചെയ്തതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കുറവിലങ്ങാട് പൊലീസ് യുവാവിനെ കണ്ടെത്തിയതായി കാട്ടി ബന്ധുക്കളെ വിവരം അറിയിച്ചത്. കുറവിലങ്ങാട്ടെ നിർമ്മാണം നടക്കുന്ന ആളൊഴിഞ്ഞ വീടിനു ഉള്ളിൽ അർദ്ധ ബോധാവസ്ഥയിൽ ഇയാളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് തന്നെയാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവിടെ അടിയന്തര ചികിത്സ നൽകുകയും ചെയ്തു. യുവാവിന്റെ ദുരൂഹത തിരോധാനത്തിലും ഇയാളെ അസ്വാഭാവികമായ രീതിയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയതിലും അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
Be the first to comment