‘കുത്തിവയ്പ് എടുത്ത ശേഷം ഉണര്‍ന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരി മരിച്ചു. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്‌പ്പെടുത്ത ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തിന് പിന്നാലെ ബന്ധുക്കള്‍ കുട്ടിയെ ചികിത്സിച്ച എബ്‌നൈസര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റം ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുന്നതില്‍ ഉള്‍പ്പെടെ കലാശിച്ചു. വ്യാഴാഴ്ചയാണ് ആദി ലക്ഷ്മിടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ കുട്ടിയ്ക്ക് കുത്തിവയ്‌പ്പെടുത്തത്.

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആദി ലക്ഷ്മിയുടെ മൃതദേഹം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ലക്ഷ്മി.

Be the first to comment

Leave a Reply

Your email address will not be published.


*