ഭാര്യമാർ തമ്മിൽ തർക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്കാരം

ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്.

ഇയാളുടെ ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ചടങ്ങുകൾ രണ്ട് രീതിയിൽ നടത്താൻ മ​ദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്.

സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്മണ്യൻ 2019ൽ ആദ്യ ഭാര്യ ശാന്തിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. എന്നാൽ ശാന്തിയുടെ അപ്പീലിൽ കോടതി വിവാഹ മോചനം റദ്ദാക്കി. അതിനിടെ ബാലസുബ്ര​ഹ്മണ്യൻ മതം മാറി ഫാത്തിമയെ വിവാഹം കഴിച്ചിരുന്നു. അൻവർ ഹുസൈൻ എന്ന പേരും സ്വീകരിച്ചു. ഫെബ്രുവരി 17നാണ് ഇയാൾ മരിച്ചത്.

നിയമം അനുസരിച്ച് താനാണ് ഭാര്യയെന്നു കാണിച്ചു ശാന്തി പൊലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാ​ദം ഉന്നയിച്ചതോടെ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.

ശാന്തിയുടെ ഹർജി ഹൈക്കോടതി മധുര ബഞ്ച് അടിയന്തരമായി പരി​ഗണിച്ചു. മൃത​ദേഹം ആദ്യം ശാന്തിക്ക് വിട്ടുനൽകാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകൾ പൂർത്തിയാക്കി അര മണിക്കൂറിനു ശേഷം ഫാത്തിമയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. ഇസ്ലാം മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം അടക്കം ചെയ്യാനും കോടതി നിർദ്ദേശം നൽകി. സർക്കാർ ആനുകൂല്യങ്ങൾ ചർച്ചയിലൂടെ വീതം വയ്ക്കാനും ധാരണയായി.

 

Be the first to comment

Leave a Reply

Your email address will not be published.


*