
ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുമ്പോഴാണ് സർക്കാർ നിലപാട് ആവർത്തിച്ചത്.
ആശാ വർക്കർമാരുടെ ഉറപ്പായ വേതനത്തിൽ 8,200 രൂപയും സംഭാവന ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയും തൊഴിലാളിയായി അംഗീകരിക്കാത്ത കേന്ദ്രത്തിനെതിരെ മിണ്ടാതിരിക്കുകയും ചെയ്യുന്നു. ഇത് രാഷ്ട്രീയമാണ്. കേന്ദ്രത്തിന് വേണ്ടി സംഘടിപ്പിച്ച സമരമാണിതെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് ആരോപിച്ചു.
ആശാ വർക്കർമാരുടെ സമരത്തിൽ ആളുകൾ കുറവാണോയെന്ന് അന്വേഷിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത് എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ വാദം. സമരത്തെ തള്ളിപ്പറയാനും പുച്ഛിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയത് സംബന്ധിച്ച വിവാദത്തിലും സർക്കാരും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കി.ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Be the first to comment