ഇപിക്ക് സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചത്.

ഇന്നത്തെ സിപിഐഎം നാളെത്തെ ബിജെപിയാണ്. ബംഗാളിലും ത്രിപുരയിലും നടന്നതിന്റെ ആവര്‍ത്തനം കേരള സിപിഐഎം ഘടകത്തിലും വൈകാതെ ഉണ്ടാകും. സിപിഐഎമ്മില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച വി എസ് അച്യുതാനന്ദനെ അരിഞ്ഞ് വീഴുത്താന്‍ എകെജി സെന്ററിന്റെ അകത്തളത്തില്‍ ഗര്‍ജിച്ച പലരും ഇന്ന് സ്വന്തം നേതാക്കളുടെ ബിജെപി ബാന്ധവത്തില്‍ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ കഴിയാത്ത ഗതികേടിലാണ്. ‘ഇന്‍ഡ്യ’ സംഖ്യത്തിനെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേയും മുഖ്യമന്ത്രിയും സിപിഎഐമ്മും തിരിഞ്ഞതിന്റെ അകം പൊരുള്‍ തെളിഞ്ഞതും ഇപ്പോഴാണ്.

ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സിപിഐഎമ്മിന്റെ മുന്‍നിരനേതാക്കള്‍ക്കുള്ളത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കെ സുരേന്ദ്രനെതിരായ കേരള പൊലീസിന്റെ നടപടിയും പാതിവഴിയില്‍ എങ്ങനെ നിലച്ചു എന്നതിന് തെളിവുകളാണ് സിപിഐമ്മിന്റെയും ബിജെപിയുടേയും നേതാക്കളുടെ ഇത്തരത്തിലുള്ള രഹസ്യ കൂടിക്കാഴ്ചകളെന്നും സുധാകരന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*