എഡിജിപി അജിത് കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്ന് മുഖ്യമന്ത്രി വ്യക്താക്കി. എഡിജിപിക്കെതിരായ മുന്‍ ആരോപണങ്ങള്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ നല്‍കും. അതു പരിശോധിച്ച് വേണ്ട നടപടിയും സ്വീകരിക്കും. നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് വേണം. ആരോപണത്തിന്റെ പേരില്‍ മാത്രം ഒഴിവാക്കില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നടപടിയുണ്ടാകൂ. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ശരിയോ തെറ്റോ എന്നതും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാക്കൂ എന്നും മുഖ്യമന്ത്രി.

പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഡിജിപി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഡിജിപി പരിശോധന നടത്തിയ ശേഷമേ പൂരത്തില്‍ എഡിജിപിയുടെ വീഴ്ച എന്താണെന്ന് മനസിലാകൂ എന്നും പിണറായി.

ആര്‍എസ്എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച നടത്തിയതായി ആരോപണമുയര്‍ന്ന് 20 ദിവസങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എ ഡി ജി പി അജിത്കുമാര്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയെ കണ്ടതായി പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു ആദ്യം ആരോപണം ഉയര്‍ത്തിയത്. പിന്നാലെ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ അജിത്കുമാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്നരോപിച്ചു കൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ചാ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാന്‍ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. എന്നിരുന്നാലും അജിത്കുമാറിനെതിരെ നടപടിയെന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന ചോദ്യം അവശേഷിച്ചിരുന്നു. എ ഡി ജി പി വ്യക്തിപരമായ ആവശ്യത്തിനാണ് ആര്‍ എസ് എസ് നേതാക്കളെ കണ്ടതെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ന്യായീകരണം. 2023 മേയില്‍ 22 ന് പാറമേക്കാവ് വിദ്യാമന്തിര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപിനിടെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. അതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു എഡിജിപി ആര്‍എസ്എസ് നേതാവ് റാം മാധവിനെ സന്ദര്‍ശിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*