ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റംഗ് പൂനിയക്ക് സസ്‌പെന്‍ഷന്‍

ഗുസ്തി താരവും ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ബജ്‌റംഗ് പൂനിയയെ സസ‍്‍പെന്‍ഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച് നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടർന്നാണ് നടപടി. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് മൂത്ര സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നതായാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.

രോഹിതിനോട് പരാജയപ്പെട്ട് പുറത്തായതോടെ സ്പോ‌ർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററില്‍ നിന്ന് ബജ്റംഗ് മടങ്ങുകയായിരുന്നു. മൂന്ന്, നാല് സ്ഥാനത്തിനായുള്ള മത്സരത്തിന് പോലും കാത്തുനില്‍ക്കാന്‍ ബജ്‍റംഗ് തയാറായിരുന്നില്ല. നാഡ സാമ്പിള്‍ ശേഖരിക്കുന്നതിനായ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ് ഹോക് പാനെല്‍ നടത്തിയ ട്രയല്‍സില്‍ തയാറെടുക്കുന്നതിനായി റഷ്യയില്‍ പോയി ബജ്റംഗ് പരിശീലനം നടത്തിയിരുന്നു.

സസ്‌പെന്‍ഷന്റെ കലാവധി അവസാനിക്കുന്നതുവരെ താരത്തിന് ട്രയല്‍സിലോ ടൂർണമെന്റുകളിലോ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ ഒളിമ്പിക്സിനുള്ള ട്രയല്‍സിലും ബജ്‌റംഗിന് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. ഇന്ത്യയില്‍ വെച്ച് നടന്ന യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ടെങ്കിലും മേയ് 31ന് നടക്കാനിരിക്കുന്ന വേള്‍ഡ് ക്വാളിഫയേഴ്‌സില്‍ പങ്കെടുക്കാന്‍ ബജ്റംഗിന് ക്ഷണം ലഭിച്ചേക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*