ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 80,000ല്‍ താഴെ, മഹീന്ദ്രയ്ക്ക് അഞ്ചുശതമാനം നഷ്ടം

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 800 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 80,000ല്‍ താഴെയും നിഫ്റ്റി 24200ല്‍ താഴെയുമാണ് വ്യാപാരം തുടരുന്നത്.

ലാഭമെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്നത്. ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 5.39 ശതമാനം. അവരുടെ എസ് യുവിയായ xuv 700 ന്റെ വില കുറച്ചതാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഓഹരിയെ സ്വാധീനിച്ചത്. ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയും നഷ്ടം നേരിടുന്നുണ്ട്.

അതേസമയം വിപണിയില്‍ കനത്ത ഇടിവ് നേരിടുമ്പോഴും മാരുതി സുസുക്കി, അദാനി പോര്‍ട്‌സ്, ഇന്‍ഫോസിസ്, എന്‍ടിപിസി, ടൈറ്റന്‍ ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുക്കി 2.11 ശതമാനമാണ് മുന്നേറിയത്.സ്‌മോള്‍ക്യാപ് സെക്ടറില്‍ നടക്കുന്ന വലിയ തോതിലുള്ള ഊഹക്കച്ചവടത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വിപണി വിദഗ്ദധര്‍ മുന്നറിയിപ്പ് നല്‍കി. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*