
ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. കയ്യേറ്റങ്ങൾക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് ചൊക്ര മുടിയിലേതെന്നും കെ രാജൻ പറഞ്ഞു.
ചൊക്ര മുടിയിൽ കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സഹായകമായത് പ്രത്യേക അന്വേഷ സംഘത്തിൻറെ റിപ്പോർട്ട് ആണെന്ന് മന്ത്രി കെ രാജൻ. കളക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ച് സമീപ കാലത്ത് അനുവദിച്ച പട്ടയങ്ങൾ ഉപയോഗിച്ചല്ല കയ്യേറ്റം നടന്നത്. കോടതി ഇടപെടലുകൾ മുന്നിൽ കണ്ട് എല്ലാ പരിശോധനകളും പൂർത്തിയാക്കിയതാണ് സർക്കാർ നടപടി. ഏത് ഉന്നതനായാലും ഒരു കയ്യേറ്റക്കാരനെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചൊക്രമുടിയിൽ വ്യാജ പട്ടയം നിർമ്മിച്ച് ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ ദേവികുളം സബ് കളക്ടർക്ക് റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ചൊക്രമുടിയിൽ കയ്യേറ്റത്തിനായി ഉപയോഗിച്ച നാല് പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. കറുപ്പു സ്വാമി, ഗുരുസ്വാമി, മണി വേൽ എന്നിവരുടെ പേരുകളിൽ അനുവദിച്ച പട്ടയമാണ് റദ്ദാക്കിയത്. ഈ നാല് പട്ടയങ്ങളുടെയും പട്ടയ രേഖകളിൽ അടക്കം ക്രമക്കേട് കണ്ടെത്തി. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ട് പോയിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Be the first to comment