കോട്ടയം: ചുങ്കത്തെ എംജി സർവകലാശാല സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലയ്ഡ് സയൻസിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ കുറവിലങ്ങാട്ട് നിന്ന് കണ്ടെത്തി. അതിരമ്പുഴ വാത്തുക്കുളത്തിൽ മുഹമ്മദ് യാസിനെയാണ് (21) കുറവിലങ്ങാട്ടെ വീട്ടുമുറ്റത്ത് നിന്ന് അർദ്ധ ബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവാവിനെ കാണാനില്ലാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ നിന്നും ബന്ധുക്കൾക്ക് ഫോൺകോൾ എത്തിയത്.
ഇന്നലെ പതിവ് പോലെ കോളേജിലേയ്ക്കു പോയ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയായ മുഹമ്മദ് യാസിൻ വൈകിട്ട് ഏറെ വൈകിയും വീട്ടിൽ എത്തിയില്ല. ആറരയോടെ യുവാവ് വീട്ടിൽ എത്താതെ വരികയും ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വരികയും ചെയ്തതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കുറവിലങ്ങാട് പൊലീസ് യുവാവിനെ കണ്ടെത്തിയതായി കാട്ടി ബന്ധുക്കളെ വിവരം അറിയിച്ചത്. കുറവിലങ്ങാട്ടെ ആളൊഴിഞ്ഞ വീടിനു മുന്നിൽ അർദ്ധ ബോധാവസ്ഥയിൽ ഇയാളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്. പൊലീസ് തന്നെയാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവിടെ അടിയന്തര ചികിത്സ നൽകുകയും ചെയ്തു.
യുവാവിന്റെ ദുരൂഹത തിരോധാനത്തിലും ഇയാളെ അസ്വാഭാവികമായ രീതിയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയതിലും അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മദ്യപിക്കുകയോ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാത്ത യുവാവ് ഇത്തരത്തിൽ ഇവിടെ എത്തിയതിനു പിന്നിൽ മറ്റ് എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. വിഷയത്തിൽ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരിയക്കുകയാണ് ബന്ധുക്കൾ.
Be the first to comment