റാഞ്ചി: തന്റെ കൈയില്‍ പതിച്ച തടവുകാരന്റെ മുദ്ര ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. എല്ലാത്തരം അനീതികള്‍ക്കെതിരെയും തന്റെ പോരാട്ടം തുടരുമെന്ന് 49ാം ജന്മദിനത്തില്‍ ഹേമന്ത് സോറന്‍ പറഞ്ഞു.
ജയില്‍ മോചിതരായപ്പോള്‍ അവര്‍ തന്റെ കൈയില്‍ തടവുകാരന്റ മുദ്ര പതിപ്പിച്ചതായി സോറന്‍ പറഞ്ഞു. ഈ അടയാളം തന്റേത് മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിലെ നിലവിലെ വെല്ലുവിളികളുടെ പ്രതീകമാണെന്ന് സോറന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 28നാണ് സോറന്‍ ജയില്‍ മോചിതനായത്. ഒരു തെളിവോ ഒരു പരാതിയോ ഇല്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അവര്‍ 150 ദിവസം ജയിലില്‍ അടച്ചത്. അപ്പോള്‍ സാധാരണക്കാരായ ആദിവാസികളെയും ദളിതരെയും അവര്‍ എന്തുചെയ്യുമെന്ന് താന്‍ പറയേണ്ടതുണ്ടോ?. അദ്ദേഹം ചോദിച്ചു.
അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിത്, ആദിവാസികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ദൃഡചിത്തതയോടെ പോരാടാന്‍ തടവുജീവിതം തന്നെ പ്രാപ്തനാക്കി. നീതിനിഷേധിക്കപ്പെട്ട എല്ലാവര്‍ക്കുമായി തന്റെ പോരാട്ടം തുടരും. നിറത്തിന്റെയും സമുദായത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെടുന്നു. എല്ലാവര്‍ക്കും തുല്യതയുള്ള സമൂഹം കെട്ടിപ്പെടുക്കണം. എന്നാല്‍ ആ പാത എളുപ്പമല്ല. നമുക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. ഒരുമിച്ച് നിന്നാല്‍ ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയും. കാരണം നമ്മുടെ രാജ്യത്തിന്റെ നാനാത്വവും ഏകത്വവുമാണ് നമ്മുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment