‘അതുല്യമായ സമര്‍പ്പണത്തിന്റെ പ്രതീകം’; പൊതുജീവിതത്തില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കി നരേന്ദ്രമോദി; സന്തതസഹചാരിയാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ദേശീയ താത്പര്യത്തിനും ജനക്ഷേമത്തിനുമായി ഒരു വ്യക്തിക്ക് തന്റെ ജീവിതം എങ്ങനെ നയിക്കാമെന്നതിന്റെ അതുല്യമായ സമര്‍പ്പണത്തിന്റെ പ്രതീകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമിത് ഷാ. പൊതുസേവനത്തില്‍ മോദി 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായുള്ള ഈ ദീര്‍ഘയാത്ര എല്ലാ പൊതുസേവകര്‍ക്കും പ്രചോദനമാണെന്ന് അമിത് ഷാ പറഞ്ഞു. ‘ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി തന്റെ പൊതുജീവിതത്തില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 23 വര്‍ഷത്തെ നീണ്ട പൊതുസേവനത്തില്‍ ഒരു വ്യക്തിക്ക് തന്റെ ജീവിതം മുഴുവന്‍ ദേശീയതയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി എങ്ങനെ സമര്‍പ്പിക്കാം എന്നതിന്റെ അതുല്യമായ സമര്‍പ്പണത്തിന്റെ പ്രതീകമാണ് മോദി,’- അമിത് ഷാ എക്‌സില്‍ കുറിച്ചു.

രാഷ്ട്രീയ യാത്രയില്‍ മോദിയുടെ സന്തതസഹചാരിയായിരുന്ന അമിത് ഷാ, മോദിയുടെ ഈ നീണ്ട പൊതുജീവിതത്തിന് സാക്ഷിയായത് ഭാഗ്യമാണെന്നും പറഞ്ഞു. ദരിദ്രരുടെ ക്ഷേമം, രാജ്യ വികസനം, സുരക്ഷ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഒരേ സമയം എങ്ങനെ നിര്‍വഹിക്കാമെന്ന് മോദി കാണിച്ചുകൊടുത്തു. സ്വന്തം കാര്യങ്ങള്‍ പോലും മാറ്റിവച്ച് ഒട്ടും തളരാതെ കഴിഞ്ഞ 23 വര്‍ഷം രാജ്യസേവനത്തിനായി സ്വയം സമര്‍പ്പിച്ച മേദിയെ അഭിനന്ദിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

2001 ഒക്ടോബര്‍ 7ന് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മോദി 2014 ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതുവരെ 13 വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. ഈ വര്‍ഷം ജൂണിലാണ് മോദി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

Be the first to comment

Leave a Reply

Your email address will not be published.


*