എംസി റോഡിലെ കുഴിയിൽ സ്കൂട്ടർ പതിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞു

കോട്ടയം :  എംസി റോഡിലെ കുഴിയിൽ സ്കൂട്ടർ പതിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ 2 പല്ലുകൾ ഒടിഞ്ഞു. വായ്ക്കുള്ളിൽ 7 സ്റ്റിച്ച്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45നു ചങ്ങനാശേരി വാഴപ്പള്ളി കണ്ടത്തിൽപ്പറമ്പിൽ കെ.എ.അഖിലിന്റെ സ്കൂട്ടറാണ് എംസി റോഡിൽ കുറിച്ചി ഔട്പോസ്റ്റിന് സമീപത്തെകുഴിയിൽ വീണത്. അഖിൽ റോഡിലേക്ക് മുഖമിടിച്ചു വീണ് ദേഹമാസകലം പരുക്കേറ്റു.

പ്രദേശവാസികൾ സമീപത്തെക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്നു ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചാണ് ചികിത്സ നൽകിയത്. ഇതേ കുഴിയിൽ വീഴുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ച് കയറുന്നതും പതിവാണ്. ഇതോടെ കുഴിയും വാഹനങ്ങളും നിരീക്ഷിക്കാൻ ആളെ നിർത്തേണ്ട അവസ്ഥയിലാണ് സമീപവാസികൾ. അപകട പരമ്പര തുടർന്നതോടെ നാട്ടുകാർ സംഘടിച്ച് മണ്ണിട്ട് കുഴി നികത്തി.

മഴ പെയ്ത് മണ്ണൊഴുകി മാറി വീണ്ടും കുഴി രൂപപ്പെട്ടു. കുഴിയിൽ പതിച്ച് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ടയർ പൊട്ടി. നാട്ടുകാരുടെയും സമീപത്തെ വ്യാപാരികളുടെയും നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് കുഴി അടച്ചു. രാത്രി പെയ്ത മഴയിൽ കോൺക്രീറ്റ് ഒഴുകിപ്പോയി.

പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴി മൂടാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. അപകട പരമ്പര തുടർന്നതോടെ നാട്ടുകാർ ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി കുഴി മൂടിയെങ്കിലും മഴയത്ത് ഇതും ഒഴുകിപ്പോയി.

Be the first to comment

Leave a Reply

Your email address will not be published.


*