യുപിഎസ് സി പരീക്ഷകളില്‍ ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍; വരുന്ന മാറ്റം എന്ത്? വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: യുപിഎസ് സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഉദ്യോഗാര്‍ഥികളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍. യുപിഎസ് സി പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷയുടെയും റിക്രൂട്ട്‌മെന്റിന്റെയും വിവിധ ഘട്ടങ്ങളിലും ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തുന്ന തരത്തിലാണ് നടപടി സ്വീകരിക്കുക. യുപിഎസ് സി പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നടപടിയെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

‘വണ്‍ ടൈം രജിസ്ട്രേഷന്‍’ പോര്‍ട്ടലിലും റിക്രൂട്ട്മെന്റ് പ്രക്രിയയിലുടനീളവും ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാറിന്റെ yes/no അല്ലെങ്കില്‍ ഇ-കെവൈസി ഓതന്റിക്കേഷന്‍ സൗകര്യങ്ങള്‍ യുപിഎസ്സിക്ക് ഉപയോഗിക്കാന്‍ കഴിയും. 2016ലെ ആധാര്‍ നിയമം, 2020ലെ ആധാര്‍ ഓതന്റിക്കേഷന്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് റൂള്‍സ് എന്നിവ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിയമനിര്‍മ്മാണ ചട്ടക്കൂടായി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ ഉദ്ധരിക്കുന്നു.

ആധാര്‍ സംവിധാനം നിയന്ത്രിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിയമത്തിന്റെയും ചട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും പ്രസക്തമായ എല്ലാ വ്യവസ്ഥകളും യുപിഎസ്സി പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വ്യാജ രേഖകള്‍ ചമച്ച് പൂജാ ഖേഡ്കര്‍ യുപിഎസ് സി പരീക്ഷ എഴുതിയ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുതാര്യത ഉറപ്പുവരുത്താനായി യുപിഎസ് സി നടപടികള്‍ കടുപ്പിച്ചത്. തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ യുപിഎസ് സി പരീക്ഷയ്ക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*