ദില്ലി: ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി. ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്.
ദേശീയ പെൻഷൻ സ്കീമിൻ്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ ഇനി ഇരട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ സാധ്യമാകൂ, അതായത് രണ്ട് ഘട്ടത്തിലൂടെ പരിശോധന പൂർത്തിയാക്കണം. ഇതനുസരിച്ച്, സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ) സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യുന്നതിന് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എൻപിഎസ് അംഗങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് ഇത് ചെയ്തിരിക്കുന്നത്.
സിആർഎ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ ഇപ്പോൾ രണ്ട് ഘട്ട പരിശോധന നടത്തണം. സിആർഎ സംവിധാനം ഒരു വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ്, നിലവിൽ എൻപിഎസ് അംഗങ്ങൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഒരു യൂസർ ഐഡിയും പാസ്‌വേഡും ആവശ്യമാണ്. അക്കൗണ്ടിലെ മാറ്റങ്ങളും പിൻവലിക്കലുകളും ഇവയിലൂടെ മാത്രമേ സാധ്യമാകൂ.
നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നോഡൽ ഓഫീസർമാർ സിആർഎ ലോഗിൻ ചെയ്യുന്നതിന് പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമാക്കാൻ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയുമായി ബന്ധിപ്പിക്കും.
Be the first to comment