മലയാള സിനിമാ ചരിത്രത്തിലെ അതിവേഗ 100 കോടി എന്ന റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’. മാർച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒൻപത് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ആദ്യ നൂറ് കോടി ചിത്രമാണ് ആടുജീവിതം.
100 കോടി ക്ലബിൽ ഇടം നേടുന്ന ആറാമത്തെ മലയാളം സിനിമയാണ് ആടുജീവിതം. ‘പുലിമുരുകൻ’ 36 ദിവസം കൊണ്ടും, ‘ലൂസിഫർ’ 12 ദിവസം കൊണ്ടും, ‘2018’ 11 ദിവസം കൊണ്ടും, പ്രേമലു’ 36 ദിവസം കൊണ്ടും ‘മഞ്ഞുമ്മൽ ബോയ്സ്’ 12 ദിവസം കൊണ്ടുമാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. ഈ പട്ടികയിലെ മൂന്ന് സിനിമകൾ 2024 ൽ റിലീസ് ചെയ്തതാണ് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
Be the first to comment