ഓൺലൈൻ ബുക്കിംഗിൽ ഒന്നാം സ്ഥാനം കീഴടക്കി ‘ആടുജീവിതം’

മലയാള സിനിമയുടെ മാര്‍ക്കറ്റ് വലുതായിക്കൊണ്ടിരിക്കുകയാണ്. ഒടിടിയുടെ വരവോടെ മറുഭാഷാ സിനിമാപ്രേമികളിലേക്ക് എത്തിത്തുടങ്ങിയ മലയാള സിനിമ ഇപ്പോള്‍ അവരെ തിയറ്ററുകളിലേക്കും എത്തിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ശേഷം ഇതര ഭാഷക്കാരായ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയുടെ കഴിഞ്ഞ 24 മണിക്കൂര്‍ നേരത്തെ ബുക്കിംഗ് കണക്കാണ് അത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത് ആടുജീവിതമാണ്. 1.06 ലക്ഷം ടിക്കറ്റുകള്‍! രണ്ടാം സ്ഥാനത്തുള്ള ഹോളിവുഡ് ചിത്രം ഗോഡ്സില്ലയ്ക്ക് 58,000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. മൂന്നാംസ്ഥാനത്തുള്ള തെലുങ്ക് ചിത്രം ടില്ലു സ്ക്വയര്‍ 52,000 ടിക്കറ്റുകളും നാലാം സ്ഥാനത്തുള്ള ഹിന്ദി ചിത്രം ക്രൂ 51,000 ടിക്കറ്റുകളുമാണ് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റിരിക്കുന്നത്. 

ഇതില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍ 29 നാണ് തിയറ്ററുകളില്‍ എത്തിയതെങ്കില്‍ ഒരു ദിവസം മുന്‍പായിരുന്നു ആടുജീവിതത്തിന്‍റെ റിലീസ്. ബെന്യാമിന്‍റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആയതുകൊണ്ടുതന്നെ മലയാളികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. 

Be the first to comment

Leave a Reply

Your email address will not be published.


*