ബിജെപിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍. തൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്.

കെജ്‍രിവാളിൻ്റെ അറസ്റ്റിലൂടെ എഎപി പിളരും എന്ന് ബിജെപി കരുതിയെന്നും അതിഷി പറഞ്ഞു. തൻ്റെ വീട്ടില്‍ വൈകാതെ ഇഡി റെയ്ഡ് ഉണ്ടാകും. ഭീഷണിയില്‍ ഭയപ്പെടില്ല. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇഡി കോടതിയില്‍ ഉന്നയിക്കുന്നത് തങ്ങളെ ജയിലില്‍ ഇടാനാണ്. കെജ്‍രിവാള്‍ ഒരിക്കലും രാജിവെയ്ക്കില്ല. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിന് ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മദ്യനയ അഴിമതിയില്‍ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്യാനിരിക്കുകയാണ്. കേസിലെ പ്രതി വിജയ് നായര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇരുവരോടുമാണെന്ന് കെജ്‍രിവാള്‍ മൊഴി നല്‍കിയെന്നാണ് ഇഡിയുടെ വാദം. അതേസമയം അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുള്ള കെജ്‍രിവാളിൻ്റെ ഹര്‍ജിയില്‍ ഇഡി ഇന്ന് മറുപടി നല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*