അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി. മാര്‍ച്ച് 21 ന് ജയിലിലായ ശേഷം അദ്ദേഹത്തിൻ്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. അറസ്റ്റിന് ശേഷം നാല് കിലോയാണ് കുറഞ്ഞത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി വ്യക്തമാക്കി.

കെജരിവാള്‍ കടുത്ത പ്രമേഹ രോഗിയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം 24 മണിക്കൂറും സംസ്ഥാനത്തിൻ്റെ ഭരണ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ജയിലില്‍ അടച്ച് ബിജെപി അദ്ദേഹത്തിൻ്റെ ആരോഗ്യ നില അപകടമാക്കിയിരിക്കുകയാണെന്നും അതിഷി എക്‌സില്‍ കുറിച്ചു.

കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മാത്രമല്ല ദൈവം പോലും അവരോട് ക്ഷമിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇഡി കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഷുഗര്‍ നില മൂന്ന് തവണ കുറഞ്ഞുവെന്നും അതിഷി പറഞ്ഞു.

ഷുഗര്‍ നിലയിലെ വ്യതിയാനം ശാരീരിക അസ്വസ്ഥതകളുണ്ടാക്കിയെന്നും ഭിത്തിയില്‍ ചാരിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മരുന്ന് നല്‍കിയെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നത്. ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വൈകിട്ട് കെജ്‌രിവാളിനെ തിഹാറിലേയ്ക്ക് മാറ്റിയത്. ഇന്നലെ ഭാര്യ സുനിത മക്കളുമായി എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*