ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച് ; രാജ്യതലസ്ഥാനത്ത് സംഘര്‍ഷം

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ എഎപിയുടെ വന്‍ പ്രതിഷേധം. ബിജെപി ഓഫീസിലേക്ക് എഎപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. മന്ത്രി അതിഷി സിങ് അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി അറസ്റ്റ് ചെയ്തു നീക്കി. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി ആഹ്വാനത്തെ തുടര്‍ന്ന് പ്രതിഷേധത്തിനായി സംഘടിച്ചെത്തിയത്.

മന്ത്രിമാരെ വലിച്ചിഴച്ച് നീക്കിയതിന് പിന്നാലെ, പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. ഇന്ന് രാവിലെ പത്തരയോടെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ എത്തണമെന്ന് എഎപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. മന്ത്രിമാരായ അതിഷി സിങിന്റേയും സൗരഭ് ഭരദ്വാജിന്റേയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. എഎപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ആസ്ഥാനത്തിനും ഇ ഡി ഓഫീസിനും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

അതേസമയം, കെജ് രിവാളിന്റെ അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എഎപി സമര്‍പ്പിച്ച ഹര്‍ജി അല്‍പ്പ സമയത്തിനകം സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പഷല്‍ ബെഞ്ചാണ് എഎപി ഹര്‍ജി പരിഗണിച്ചത്. എഎപിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് സുപ്രീംകോടതിയില്‍ ഹാജയാരയത്. രാവിലെ 10.30-ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ കപില്‍ സിബല്‍ പെറ്റീഷന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പെറ്റീഷന്‍ അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു സിബലിന്റെ ആവശ്യം. തുടര്‍ന്ന് സ്‌പെഷല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് ഔദ്യോഗിക വസതിയില്‍ എത്തിയ പത്തംഗ ഇ ഡി സംഘം ചോദ്യം ചെയ്യലിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയ കെജ്‌രിവാളിനെ ഉച്ചയ്ക്ക് രണ്ടരയോടെ ഡല്‍ഹി റോസ് അവന്യു കോടതിയല്‍ ഹാജരാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*