അഭിമന്യു കേസ്: കുറ്റപത്രമടക്കം കാണാതായതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മൂന്നാർ: വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിന്റെ കുറ്റപത്രം അടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായതിനെതിരെ കുടുംബം രംഗത്ത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അഭിമന്യുവിൻ്റെ സഹോദരൻ പരിജിത് പറഞ്ഞു . നിർണ്ണായകമായ രേഖകൾ കോടതിയിൽ നിന്ന് കാണാതായതിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭിമന്യുവിൻറെ കുടുംബത്തിൻറെ പ്രതികരണം. രേഖകൾ കാണാതായത് ഞെട്ടലോടെയാണ് കേട്ടത്.

വിശ്വാസവും പ്രതീക്ഷയും ഉള്ള കോടതിയിൽ നിന്ന് രേഖകൾ കാണാതായത് നിസ്സാരമായി കാണുവാൻ കഴിയില്ല. വിശദമായ അന്വേഷണം നടത്തണം. പിന്നിൽ പ്രവർത്തിച്ചത് ആരായിരുന്നാലും വെളിച്ചത്തു കൊണ്ടുവരണമെന്നും അഭിമന്യുവിൻറെ സഹോദരൻ പരിജിത്  പറഞ്ഞു. അതേസമയം സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.  ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ സെഷൻസ് ജഡ്ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശവും നൽകി.

അഭിമന്യുവിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴികൾ, പരിക്കേറ്റ അർജുന്റെ മെഡിക്കൽ രേഖകൾ തുടങ്ങി സുപ്രധാന രേഖകൾ ആണ് നഷ്ടപ്പെട്ടത്. വിഷയം ഈ മാസം 18ന് കോടതി വീണ്ടും പരിഗണിക്കും.  2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു മഹാരാജാസ് കോളേജ് ക്യാമ്പസ്സിൽ വെച്ച് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ – ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്.  കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.  26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*