വീണ്ടും അഭിമാനമായി അഭിനവ് ബിന്ദ്ര ; അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഷൂട്ടിങ് ഇതിഹാസതാരം അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡറിന് അര്‍ഹനായി. ഒളിംപിക് പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ താരങ്ങള്‍ക്ക് നല്‍കുന്ന ആദരമാണ് ഒളിംപിക് ഓര്‍ഡര്‍. ഓഗസ്റ്റ് പത്തിന് പാരിസില്‍ വെച്ച് നടക്കുന്ന ഐഒസി സെഷനില്‍ ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും.

പാരിസില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം. ആദ്യമായാണ് ഇന്ത്യന്‍ താരം പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടത്തിന് ഉടമയാണ് അഭിനവ് ബിന്ദ്ര. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ് ഇനത്തിലെ സ്വര്‍ണ മെഡല്‍ നേടിയാണ് ബിന്ദ്ര ചരിത്രം കുറിച്ചത്.

വിരമിച്ചതിനുശേഷം കായികഭരണരംഗത്ത് സജീവമാണ് അഭിനവ് ബിന്ദ്ര. 2010 മുതല്‍ 2020 വരെ രാജ്യാന്തര ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷന്‍ അത്‌ലറ്റിക് കമ്മിറ്റി അംഗമായിരുന്നു. 2018 മുതല്‍ ഐഒസി അത്‌ലറ്റ് കമ്മീഷന്‍ അംഗവുമായിരുന്നു. അതേസമയം ഒളിംപിക് ഓര്‍ഡര്‍ നേട്ടത്തില്‍ കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉള്‍പ്പടെയുള്ളവര്‍ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ച് രംഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*