അബ്രഹാം ഓസ്‍ലര്‍; തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം; എക്സ്ട്രാ ഷോകളുമായി ആദ്യ ദിനം

ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമാണ് അബ്രഹാം ഓസ്‍ലര്‍. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായ അഞ്ചാം പാതിരായ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം എന്നതും അതില്‍ ജയറാം നായകനാവുന്നു എന്നതുമായിരുന്നു ചിത്രത്തിന്‍റെ സവിശേഷത. മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന സൂചന കൂടി എത്തിയതോടെ ഈ വര്‍ഷം മലയാളികള്‍ ഏറ്റവും കാത്തിരിക്കുന്ന റിലീസുകളിലൊന്നായി ചിത്രം ഉയര്‍ത്തപ്പെട്ടു. ആ പ്രതീക്ഷകളോട് ചിത്രം നൂറ് ശതമാനം നീതി പുലർത്തിയെന്ന സൂചനകളാണ് സിനിമയുടെ ആദ്യ ദിനം നൽകുന്നത്.

അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ മികച്ച ഓപണിംഗ് നേടാന്‍ സാധിച്ച ചിത്രം അഡീഷണല്‍ ഷോകളുടെ എണ്ണത്തിലും വന്‍ നേട്ടമാണ് റിലീസ് ദിനത്തില്‍ ഉണ്ടാക്കിയത്. കേരളത്തില്‍ എമ്പാടുമായി 150 ല്‍ അധികം എക്സ്ട്രാ ഷോകളാണ് ഇന്നലെ കളിച്ചത്. ഇതില്‍ പലതും അര്‍ധരാത്രിക്ക് ശേഷമായിരുന്നു. മലയാളത്തില്‍ സമീപകാലത്തെ ഹിറ്റ്, മോഹന്‍ലാല്‍ നായകനായ നേരത്തിന്‍റെ ആദ്യദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‍ലര്‍ മറികടന്നിട്ടുണ്ട്. 130 ല്‍ അധികം എക്സ്ട്രാ ഷോകളാണ് നേര് കേരളത്തില്‍ അങ്ങോളമിങ്ങോളം റിലീസ് ദിനത്തില്‍ നേടിയിരുന്നത്.

ജയറാമിന്‍റെ അബ്രഹാം ഓസ്‍ലര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. വ്യക്തിജീവിതത്തില്‍ ചില ട്രാജഡികളൊക്കെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം വിഷാദരോഗിയാണ്. അങ്ങനെയുള്ള ഓസ്‍ലറിന് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നതും അതിന്‍റെ അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. അതിഥിവേഷമെങ്കിലും പ്രമേയത്തിന്‍റെ കേന്ദ്ര സ്ഥാനത്തുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ അലക്സാണ്ടര്‍. പുറത്തെത്തിയ ആദ്യ സൂചനകള്‍ അനുസരിച്ച് മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്.

അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, സായ് കുമാര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

 

Be the first to comment

Leave a Reply

Your email address will not be published.


*