തിരുവനന്തപുരം: വാട്സ്ആപ്പിനെതിരെ കോടതിയലക്ഷ്യ നടപടി. വാട്സ്ആപ്പ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് നടപടി. വാട്സ്ആപ്പിന്റെ ഇന്ത്യൻ മേധാവിക്കെതിരെ പോലിസ് നോട്ടീസ് നൽകി. രാജ്യത്ത് ആദ്യമായാണ് വാട്സ്ആപ്പിനെതിരെ ഇത്തരമൊരു നടപടി.
തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. അശ്ലീല പരാമർശം സംബന്ധിച്ച് ഇവർ സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അശ്ലീല പരാമർശം ആദ്യം പോസ്റ്റ് ചെയ്തത് ആരാണെന്ന വിവരം വാട്സ്ആപ്പിനോട് തേടാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതിനാൽ വിവരം നൽകില്ലെന്നായിരുന്നു വാട്സ്ആപ്പിന്റെ മറുപടി.
കേന്ദ്രത്തിന്റെ പുതിയ ഐടി നിയമപ്രകാരം പോസ്റ്റ് ചെയ്തയാളുടെ വിവരം കൈമാറണമെന്ന് കർശന നിർദ്ദേശം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കി കോടതി മുഖാന്തരം പോലിസ് നീക്കം നടത്തി. കോടതിയലക്ഷ്യ നടപടിയിൽ അറസ്റ്റ് ഉൾപ്പെടെ നടപടിയുണ്ടാകുമെന്ന് വാട്സ്ആപ്പിന് അയച്ച നോട്ടീസിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Be the first to comment