തിരുത്തിയില്ലെങ്കിൽ പുറത്താക്കണം; രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരസ്യപ്രതികരണവുമായി അക്കാദമി അംഗങ്ങൾ. അക്കാദമിയിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് രഞ്ജിത്ത് നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ചെയര്‍മാനെതിരെ യോഗം ചേർന്ന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ പരസ്യ പ്രതികരണവുമായി എത്തിയത്.

ചെയർമാന്റെ പ്രകടനം ബോറും മാടമ്പിത്തരവുമാണെന്ന് അംഗങ്ങൾ ആരോപിച്ചു. വിമത യോഗമല്ല തങ്ങൾ ചേർന്നതെന്നും അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചെയർമാനായ രഞ്ജിത്തിന് എല്ലാവരോടും പുച്ഛമാണ്. രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തങ്ങൾക്കില്ലെന്നും രഞ്ജിത്ത് തിരുത്താൻ തയ്യാറാവണമെന്നും അല്ലെങ്കിൽ അക്കാദമിയിൽ നിന്ന് പുറത്താക്കണമെന്നും ജനറൽ കൗൺസിൽ അംഗമായ മനോജ് കാന പറഞ്ഞു.

രഞ്ജിത്തിന്റെ ഏകാധിപത്യം നടത്താൻ ഇത് വരിക്കാശ്ശേരി മന അല്ല, ചലച്ചിത്ര അക്കാദമിയാണെന്ന് ഓര്‍ക്കണം. ആരും അക്കാദമിക്കും ഫെസ്റ്റിവലിനും എതിരല്ല, ചെയർമാന്റെ ധിക്കാരപരമായ മാടമ്പിത്തരത്തിന് എതിരാണ്. രഞ്ജിത്ത് വാർത്താസമ്മേളനം നടത്തുന്നതിന് മുമ്പ് തങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നാൽ എന്താണ് പ്രശ്‌നമെന്നോ അത് തിരുത്താനോ രഞ്ജിത്ത് തയ്യാറായില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. ചെയർമാനെ കുറിച്ച് ഇന്നലെ പരാതി നൽകിയിരുന്നു, ആ വിഷയം ഇന്നും നിലനിൽക്കുന്നുണ്ട്, പ്രശ്‌നങ്ങൾ ഇല്ലെന്ന് അക്കാദമി ചെയർമാൻ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും അക്കാദമി കൗൺസിൽ അംഗം കൂടിയായ സംവിധായകൻ എൻ അരുൺ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*