ഉമ തോമസിൻറെ അപകടം; ഇവൻ്റ് മാനേജർ കസ്റ്റഡിയിൽ

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ് ടീം’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറിൽ നിന്നും പൊലീസ് തേടും.

ആർട്ട് മാഗസിൻ ആയ മൃദംഗ വിഷന്റെ ഉടമകൾ ഇതിനോടകം തന്നെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൃദംഗ വിഷൻ ജിസിഡിഎയ്ക്ക് നൽകിയ അപേക്ഷയുടെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.ആഗസ്റ്റ് 23 നാണ് പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സംഘാടകർ നൽകിയിരിക്കുന്നത്. 12000 നർത്തകരെ പങ്കെടുപ്പിക്കുന്ന പരിപാടി ഗിന്നസ് റെക്കോർഡ് നേടാൻ നടത്തുന്ന താണെന്നാണ് എംഡി ജിസിഡിഎയ്ക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്. സ്ഥാപന ഉടമ നിഗേഷ് കുമാർ ആണ് അപേക്ഷ നൽകിയത്.

എന്നാൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുകാനായി രജിസ്‌ട്രേഷൻ തുകയായി നൽകിയത് 3500 രൂപയാണെന്ന് നൃത്താധ്യാപിക ട്വന്റി ഫോറിനോട് വെളിപ്പെടുത്തി.ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോ‍ർഡ് സ‍ർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും കുട്ടികൾക്ക് കുടിയ്ക്കാനുള്ള വെള്ളത്തിന് പോലുമുള്ള സൗകര്യം സ്റ്റേഡിയത്തിനകത്ത് സംഘാടകർ ഒരുക്കിയിരുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.

മൃദം​ഗനാദം എന്ന പേരിൽ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോ‍ർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം നർത്തകർ പങ്കെടുത്തിരുന്നു. മൃദം​ഗനാദത്തിൽ പങ്കാളികളായ ​ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നർത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയിൽ നർത്തകർ പങ്കെടുത്തത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ​എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നി‍ർവഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നർത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു.

അതേസമയം, നിർമ്മിച്ച സ്റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ജി സി ഡി എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു.സ്റ്റേഡിയത്തിന്റെ പ്രശ്നമല്ല അപകടമുണ്ടാക്കിയത്.സംഘാടകർ സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടില്ല.ഫയർ,പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാർ വെച്ചിരുന്നു.കരാർ പാലിക്കുന്നതിൽ സംഘാടകർക്ക് ഉണ്ടായത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

പരുക്കേറ്റ ഉമ തോമസ് എംഎൽഎ മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. രക്തസമ്മർദ്ദത്തിലെ നേരിയ വ്യതിയാനം ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും ഉമ തോമസിന് നിലവിലെ ചികിത്സാരീതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*