കോട്ടയം : നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച്, ജില്ലയിൽ നടക്കുന്നത് 735 ഗുണ്ടകൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചും ജില്ലയിൽ നിന്നു പുറത്താക്കിയും പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളും പോലീസ് സേനയിലെ സ്വാധീനവും ഉപയോഗിച്ച് പലരും പുറത്തു വിലസുന്നു. ഗാന്ധിനഗർ സ്‌റ്റേഷൻ പരിധിയിൽ മാത്രം 50 ഗുണ്ടകൾ പുറത്തു വിലസുന്നു.
ഏറ്റുമാനൂർ സ്‌റ്റേഷനിൽ 40 പേരാണ് ഇത്തരത്തിൽ പുറത്തുള്ളത്. ചങ്ങനാശേരി സ്‌റ്റേഷൻ പരിധിയിൽ ടോപ് 25 കാറ്റഗറിയിൽപെടുന്ന കൊടുംക്രിമിനലുകൾ 20 പേരുണ്ട്. ജില്ലയിൽ ഏറ്റവുമധികം ഗുണ്ടകൾ പട്ടികയിലുള്ള പോലീസ് സ്റ്റേഷൻ ഗാന്ധിനഗറാണ്. ഗുണ്ടാനടപടിച്ചട്ട പ്രകാരം എല്ലാ ആഴ്‌ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണു ഡോസിയർ അപ്ഡേഷൻ.
എല്ലാ വെള്ളിയാഴ്‌ചയും ഗുണ്ടകളെ സ്‌റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതിവയ്ക്കണം. എന്നാൽ എല്ലാ ഗുണ്ടകളുടെയും കാര്യത്തിൽ ഇത്തരം നടപടികൾ എടുക്കുന്നതിൽ പോലീസിനു ശുഷ്കാന്തി പോരെന്ന് ആക്ഷേപമുണ്ട്. കറുകച്ചാൽ സ്‌റ്റേഷൻ പരിധിയിൽ 80 പേർ റൗഡി പട്ടികയിലുണ്ട്. വൈക്കം സ്റ്റേഷൻ പരിധിയിൽ 122 പേരാണു റൗഡികളായി വിലസുന്നത്. റൗഡികളിൽ നിന്നു ഗുണ്ടകളിലേക്കു വളരാൻ ഇവർക്ക് അധികം സമയം വേണ്ട.
Be the first to comment