അച്ഛനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരൻ്റെയും ബിന്ദുവിൻ്റെയും മകന്‍ മയൂര്‍നാഥാ(26)ണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ മയൂര്‍നാഥ് ജാമ്യത്തിലിരിക്കെ മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇയാള്‍ അച്ഛന് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത്.

നേപ്പാളില്‍ മയൂര്‍നാഥ് താമസിച്ചിരുന്നിടത്തെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. യുവാവിൻ്റെ ബാഗില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിലേക്ക് വിളിച്ചത്. തുടര്‍ന്ന് നേപ്പാളിലേക്ക് പോയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെ അപസ്മാരം വന്നു മരിച്ചു എന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രാതലില്‍ വിഷം കലര്‍ത്തി നല്‍കി പിതാവിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ശശീന്ദ്രൻ്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. തൻ്റെ അമ്മയുടെ മരണത്തിന് കാരണം അച്ഛനാണെന്ന് വിശ്വസിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു. പിടിയിലായ മയൂര്‍നാഥ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചികിത്സയ്ക്കായി മലപ്പുറത്തെ ഒരു സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പ്രേവശിപ്പിച്ചു. ഇവിടെ നിന്ന് ആരോടും പറയാതെ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മയൂര്‍നാഥിൻ്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. നേപ്പാളിലെത്തി സന്യാസം സ്വീകരിക്കാനായിരുന്നു മയൂര്‍നാഥിൻ്റെ തീരുമാനമെന്ന് വിവരമുണ്ട്. മൃതദേഹം നേപ്പാളില്‍ തന്നെ സംസ്‌കരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*