
ഹൈദരാബാദ്: ഇന്ത്യയിൽ ഈ മാസം പുതിയ സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഏസർ. തങ്ങളുടെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ 2025 മാർച്ച് 25 ന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏസറോൺ ലിക്വിഡ് S162E4, ഏസറോൺ ലിക്വിഡ് S272E4 എന്നീ മോഡലുകളാണ് പുറത്തിറക്കുക. അതേസമയം ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മോഡലുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ലോഞ്ചിന് ശേഷം ഈ രണ്ട് ഫോണുകളും ആമസോൺ വഴിയാകും വിൽപ്പനയ്‌ക്കെത്തുക. ഇതിനായി ആമസോണിൽ ഒരു പ്രത്യേക പേജും സൃഷ്‌ട്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ സ്‌മാർട്ട്‌ഫോണുകളുടെ വില 15,000 മുതൽ 50,000 രൂപ വരെയാകാനാണ് സാധ്യത. രണ്ട് ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നതായാണ് ആമസോണിലെ പ്രമോഷണൽ പോസ്റ്റർ സൂചന നൽകുന്നത്. ഏസറിന്‍റെ വരാനിരിക്കുന്ന പുതിയ ഫോണുകളുടെ ഡിസൈനും പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും പരിശോധിക്കാം.

ഡിസൈൻ: ഈ വർഷം ആദ്യം ഏസർപ്യുവർ വെബ്‌സൈറ്റിൽ ഏസറോൺ ലിക്വിഡ് S162E4, ഏസറോൺ ലിക്വിഡ് S272E4 എന്നിങ്ങനെ രണ്ട് സ്‌മാർട്ട്‌ഫോണുകൾ വരാനിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവയാണ് ഏസറിന്‍റെ വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ എന്നാണ് കരുതപ്പെടുന്നത്. ഇവയ്‌ക്ക് പിന്നിൽ ‘ഏസർപ്യൂർ’ ബ്രാൻഡിങ് നൽകിയിട്ടുണ്ട്. ഡിസൈനിലേക്ക് പോകുമ്പോൾ എല്ലാ വശങ്ങളിലും വൃത്താകൃതിയിലുള്ള കോണുകളുള്ള ചതുരാകൃതിയിലുള്ള ബോഡിയാണ് നൽകിയിരിക്കുന്നത്. ക്യാമറ ഐലൻഡിൽ ഡ്യുവൽ ക്യാമറ സെൻസറുകളുള്ള ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും പിൻവശത്തെ പാനലിൽ ചെറിയ എൽഇഡി ഫ്ലാഷ് യൂണിറ്റും നർകിയിട്ടുണ്ട്. ഡ്യുവൽ ക്യാമറകളാണ് രണ്ട് ഫോണിനും നൽകിയിരിക്കുന്നത്.
ഏസർപ്യൂർ ഏസറോൺ ലിക്വിഡ് S162E4 മോഡലിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന്‍റെ അറ്റത്തായി ‘സ്‌മാർട്ട് മെയിൻ ക്യാമറ’ എന്ന് പ്രിന്‍റ് ചെയ്‌തിരിക്കുന്നതായും കാണാം. ഈ ഫോൺ എഐ പവേർഡ് മെയിൻ ക്യാമറയുമായി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുൻവശത്തേക്ക് നോക്കുമ്പോൾ രണ്ട് ഫോണുകൾക്കും വിശാലമായ ബെസലുള്ള വാട്ടർഡ്രോപ്പ്-നോച്ച് ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്.
സ്‌പെസിഫിക്കേഷനുകൾ: ഏസർപ്യുവർ ലിസ്റ്റിങ് അനുസരിച്ച്, ഏസർപ്യൂർ അസെറോൺ ലിക്വിഡ് S162E4 ഫോണിന് കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടുകൂടിയ 720 x 1,600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്പ്ലേയുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റായിരിക്കും നൽകുകയെന്നും സൂചനയുണ്ട്. അതേസമയം ഏസർപ്യൂർ അസെറോൺ ലിക്വിഡ് S272E4ന് 720 x 1600 പിക്‌സലുള്ള 6.75 ഇഞ്ച് ഡിസ്പ്ലേയുണ്ട്. 4 ജിബി + 64 ജിബി കോൺഫിഗറേഷനുമായി ജോടിയാക്കിയ എംടി 6765 ചിപ്‌സെറ്റായിരിക്കും ഈ ഫോണിന് നൽകുകയെന്നും സൂചനയുണ്ട്.
സ്റ്റോറേജ് വർധിപ്പിക്കാവുന്ന സംവിധാനത്തോടെയാണ് രണ്ട് ഫോണുകളും വരുകയെന്നും സൂചനയുണ്ട്. S162E4 ഫോൺ 512 ജിബി വരെയും S272E4 256 ജിബി വരെയും സ്റ്റോറേജ് ആണ് പിന്തുണയ്‌ക്കുന്നത്. S162E4ന് 0.08MP സെക്കൻഡറി സെൻസറുള്ള 16MP പ്രൈമറി ക്യാമറയും S272E4ന് 0.3MP സെക്കൻഡറി സെൻസറുള്ള 20MP പ്രൈമറി റിയർ ലെൻസും ഉണ്ട്. രണ്ട് ഫോണുകളിലും 5 എംപിയുടെ ഫ്രണ്ട് ക്യാമറയും ഉണ്ട്. രണ്ട് ഫോണുകളിലും 5,000 എംഎഎച്ചിന്‍റെ ലിഥിയം-അയൺ ബാറ്ററിയായിരിക്കുമെന്നും സൂചനയുണ്ട്.
Be the first to comment