ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളിൽ നിന്ന് നീക്കി

കോട്ടയം: ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോ​ഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്മീഷൻ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് നൽകുവാനും തീരുമാനമായി. 

തന്റെ അഭ്യർത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യൻ പ്രതികരിച്ചു. താൻ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യൻ പറഞ്ഞു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തിരുന്നു. അതിനിടെ, ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു. റാന്നിയിലെ അരമനയ്ക്ക് മുന്നിൽ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു. 

ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകും. അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നാണ് ആരോപണം.

 

Be the first to comment

Leave a Reply

Your email address will not be published.


*