പതിറ്റാണ്ടുകൾക്കു മുമ്പ് പ്രളയത്തിൽ തകർന്ന ആലുവ-മൂന്നാർ രാജപാത തുറക്കാൻ ആക്ഷൻ കൗൺസിൽ നിവേദനം നൽകി

കോതമംഗലം: പതിറ്റാണ്ടുകൾക്കു മുമ്പ് പ്രളയത്തിൽ തകർന്ന ആലുവ-മൂന്നാർ രാജപാത തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഓൾഡ് ആലുവ-മൂന്നാർ രാജപാത റോഡ് ആക്‌ഷൻ കൗൺസിലിൻ്റെ നിവേദനം. ഹൈക്കോടതിയിൽ അനാവശ്യ വിവരങ്ങൾ ചൂണ്ടിക്കാട്ടി റോഡ് വികസനത്തിന് തുരങ്കംവയ്ക്കുന്ന വനംവകുപ്പിൻ്റെ ഗവ. പ്ലീഡർ നാഗരാജിനെ സ്ഥാനത്തുനിന്നു നീക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

കോതമംഗലം-ദേവികുളം നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറെ ചരിത്രപാധാന്യമുള്ള റോഡ് തുറക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയാണുണ്ടാകുന്നത്. രണ്ടു നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ ആലുവ-മൂന്നാർ റോഡ്, മാമലക്കണ്ടം-ആവറുക്കുട്ടി-കുറത്തിക്കുടി റോഡ് എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടന്നുവരുന്ന കേസുകളിൽ അനാവശ്യ നിയമങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് വനംവകുപ്പിൻ്റെ ഗവ. പ്ലീഡർ സ്വീകരിക്കുന്നതെന്നാണ് ആക്‌ഷൻ കൗൺസിലിൻ്റെ ആക്ഷേപം.

145 വർഷം മുൻപ് തിരുവിതാംകൂർ മഹാരാജാവ് നിർമ്മിച്ചു പൊതുജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നു നൽകിയ പഴയ ആലുവ-മൂന്നാർ രാജപാത പൊതുമരമത്തും, വനംവകുപ്പും ബലമായി കൈയേറി കൈവശം വച്ചിരിക്കുകയാണ്. 63 വർഷം മുൻപ് പുനലൂർ പേപ്പർമിൽ കമ്പനി ഈറ്റ, മുളശേഖരണത്തിനായി നിർമ്മിക്കുകയും പിന്നീട് ഈ മേഖലയിലെ ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ 63 വർഷമായി തുടർച്ചയായി ഗതാഗതത്തിനായി ഉപയോഗിച്ചു വരുന്നതുമായ ആറാംമൈൽ-പഴമ്പി ളളിച്ചാൽ-മാമലക്കണ്ടം-ആവറുകുട്ടി-കുറത്തികുടി റോഡും ഗതാഗത യോഗ്യമാക്കാൻ വനം വകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.

റോഡ് ആക്‌ഷൻ കൗൺസലിനു വേണ്ടി പ്രസിഡന്റ് ഷാജി പയ്യാനിക്കലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഗവർണർക്കും നിവേദനത്തിൻ്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*