മലയാള സിനിമാ തറവാട്ടിലെ കാരണവർ; നടൻ ശങ്കരാടിയുടെ ജന്മ ശതാബ്ദി ഇന്ന്

കേരള സമൂഹത്തിൽ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയായിരുന്ന തറവാടുകളിലെ കേന്ദ്ര കഥാപാത്രമായ കാരണവർ; മക്കളെ ശാസിക്കുന്ന കരുത്തനായ അച്ഛൻ, മരുമക്കളെ നിലക്കുനിർത്തുന്ന ഒരു പ്രമാണിയായ അമ്മാവൻ എന്നിങ്ങനെയുള്ള റോളുകൾ നിരവധി ചിത്രങ്ങളിൽ അനശ്വരമാക്കിയ നടനാണ് ശങ്കരാടി. രൂപത്തിലും ഭാവത്തിലും  ജീവിതത്തിലും മികച്ചതായിരുന്നു ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി അവതരിപ്പിച്ച കഥാപാത്രങ്ങൾ. 

നാല് പതിറ്റാണ്ട് മലയാള സിനിമയിൽ ഇടവേളകളില്ലാതെ തുടർച്ചയായി ശങ്കരാടി അഭിനയിച്ചു. എഴുന്നൂറോളം ചിത്രങ്ങൾ. ആയിരത്തിലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും സിനിമയിൽ വേഷമില്ലാതെ ശങ്കരാടി വീട്ടിലിരുന്നില്ല. തൻ്റെ സമകാലീനരായ അടൂർ ഭാസിയും ബഹദൂറും പതിയെ   സിനിമയിൽനിന്ന് അപ്രത്യക്ഷരായപ്പോഴും ശങ്കരാടി സജീവമായി തന്നെ നിന്നു. പകരം വെയ്ക്കാനില്ലാത്ത ആ നടനെ മലയാള സിനിമയ്ക്ക് എന്നും  ആവശ്യമായിരുന്നു. ആ മഹാനായ നടന്റെ ജന്മശതാബ്ദിയാണ് ഇന്ന് (ജൂലൈ 14). 

1963 ലാണ് ശങ്കരാടി സിനിമാ രംഗത്ത് എത്തുന്നത് ഉദയായുടെ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’ ആയിരുന്നു ആദ്യ സിനിമ. അറുപതുകളിലേയും എഴുപതുകളിലേയും വലിയ നിലവാരമൊന്നുമില്ലാത്ത മലയാള ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമകൾ പലതും ഇന്ന് ഓർമിക്കപ്പെടുന്നത്  അതിലെ അനശ്വരമായ നല്ല  ഗാനങ്ങളിലൂടെയും ചില സഹനടന്മാരുടെ  വ്യത്യസ്തമായ അഭിനയം കൊണ്ടുമാണ്. വിരസങ്ങളായ അത്തരം പല സിനിമകളിലും ഗാനങ്ങളോടൊപ്പം പ്രേക്ഷകരെ ആകർഷിച്ചത്  ശങ്കരാടിയുടെ സാന്നിധ്യവും അദ്ദേഹം അഭിനയിച്ച രംഗങ്ങളുമായിരുന്നു. നാടകത്തിൽനിന്ന് സിനിമയിലേക്ക് ചേക്കേറിയ അക്കാലത്തെ മലയാള സിനിമയിലെ പല നടമാരിൽ നിന്നും നാടകാഭിനയത്തിൻ്റെ  സ്വാധീനം ലവശേമില്ലാതെ  അഭിനയത്തിലും ഡയലോഗിലും ശങ്കരാടി വേറിട്ടു നിന്നു.  

ചെറായിയിലെ സഹോദരൻ അയ്യപ്പൻ്റെ ഗൃഹത്തിനടുത്താണ് മേമന കണക്കു വീട്ടിൽ ചെമ്പകരാമൻ പിള്ളയുടെ മകനായ ചന്ദ്രശേഖര മേനോൻ ജനിച്ചത്. അമ്മ തോപ്പിൽ പറമ്പിൽ ജാനകിയമ്മ. സ്കൂൾ വിദ്യാഭ്യാസം ചെറായിലും തൃശൂർ കണ്ടശ്ശാംകടവിലുമായിരുന്നു. എറണാകുളം മഹാരാജാസിൽ നിന്ന് ഇൻ്റർ മിഡിയറ്റ് പാസ്സായി നേരെ ബറോഡയിൽ മറൈൻ എഞ്ചിനിയറിംഗിന് ചേർന്നു. എന്നാൽ ചന്ദ്രശേഖര മേനോൻ ബറോഡയിൽ പഠിച്ചത് കടലിനെ കുറിച്ചല്ല; കമ്യൂണിസത്തെപ്പറ്റിയായിരുന്നു. സജീവ പാർട്ടി പ്രവർത്തകനായി മാറി. പഠനത്തേക്കാൾ പാർട്ടി പ്രവർത്തനം മുന്നേറി. അവിടെ ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ ചന്ദ്രശേഖര മേനോൻ പാർട്ടി പ്രവർത്തനവുമായി നാഗ്പൂരെത്തി. അവിടെ നടന്ന ഒരു ബോംബ് കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ  ബോംബെയ്ക്ക് മുങ്ങി. അവിടെ അക്കാലത്ത് പ്രസിദ്ധികരിച്ചിരുന്ന ‘ലിറ്റററി  റിവ്യൂ’ എന്ന മാസികയിൽ പത്രപ്രവർത്തകനായി. ഇടതുപക്ഷാഭിമുഖ്യമുള്ള കവിയും നടനുമായ  ഹരിന്ദ്രനാഥ് ചതോപാധ്യായ അവിടെ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനായിരുന്നു. ബോബെ മലയാളികളെ പാർട്ടിയിലേക്കാകർഷിക്കലായിരുന്നു ശങ്കരാടിയുടെ അക്കാലത്തെ പ്രധാന ജോലി.

1950-ൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നപ്പോൾ കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരോട്  മടങ്ങിവന്ന് സ്വന്തം നാടുകളിൽ പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. 1952 ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി പേരെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എറണാകുളത്ത് തിരിച്ചെത്തിയ ചന്ദ്രശേഖര മേനോൻ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. പാർട്ടിയുടെ സാംസ്കാരിക പരിപാടികളോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ ആഭിമുഖ്യം. 

ആ കാലത്ത് കൊച്ചിയിലെ പൊഫഷണൽ   നാടകപ്രസ്ഥാനം വളരെ സജീവമായിരുന്നു. എറണാകുളത്ത് പുതിയതായി രൂപീകരിച്ച ‘പ്രതിഭാ തിയേറ്റേഴ്സ്’ എന്ന നാടക സമിതിയുടെ സെക്രട്ടറിയായപ്പോളാണ്  ചന്ദ്രശേഖര മേനോൻ എന്ന പേര്  ഉപേക്ഷിച്ച്  ശങ്കരാടിയായത്. പി ജെ ആന്റണിയെന്ന പ്രതിഭയായിരുന്നു സമിതിയുടെ പ്രധാന നടനും സംവിധായകനും. പിന്നീട് അഭിപ്രായ വ്യത്യാസം മൂലം ആന്റണി പ്രതിഭയിൽ നിന്ന് മാറിനിന്നപ്പോൾ തോപ്പിൽ ഭാസിയെഴുതിയ ‘വിശക്കുന്ന കരിങ്കാലി’ എന്ന നാടകത്തിൽ അഭിനയിച്ചതോടെ ശങ്കരാടിയെന്ന നടൻ നാടകരംഗത്ത് അറിയപ്പെടാൻ തുടങ്ങി. പ്രതിഭക്ക് വേണ്ടി പുതിയൊരു നാടകം തോപ്പിൽ ഭാസി എഴുതാൻ ആരംഭിച്ചപ്പോൾ ശങ്കരാടി തോപ്പിലാശാനെ ഞാറയ്ക്കലിൽ കൊണ്ടു പോയി സ്വസ്ഥമായി എഴുതാൻ ഒരു വീടെടുത്ത് താമസിപ്പിച്ചു. കൊച്ചിക്കായലിനും കടലിനുമിടക്കുള്ള  ശാന്തമായ ഒരു സ്ഥലമായിരുന്നു  അത്. നല്ല കള്ളും മീനും കിട്ടും. നാടകകൃത്തിന്  പ്രചോദനം വേണല്ലോ അതും ശങ്കരാടി ഏർപ്പാടാക്കി. കൂട്ടത്തിൽ പ്രചോദനം തനിക്കും. വൈകീട്ട് 4 കുപ്പി കള്ള് എത്തും; ഒന്ന് നാടകകൃത്തിന്, ബാക്കി ശങ്കരാടിക്കുള്ള പ്രചോദനവും.

അവിടെ നല്ല നെയ് മത്തി കിട്ടും; ഒരണക്ക് 25 എണ്ണം. ശങ്കരാടി അതെല്ലാം വറുത്ത് ഒരു പാത്രത്തിൽ തല ഒരു ഭാഗത്തു തന്നെ വരുന്ന രീതിയിൽ വറുത്ത മത്തികൾ നിരത്തി വെയ്ക്കും. ഏതെങ്കിലും ഒരു മത്തി തലതിരിഞ്ഞിരുന്നാൽ  കൊണ്ടു വെച്ച ആളോട് ചൂടാകും. അത്രയ്ക്ക് ക്രമം നോക്കുന്ന ആളാണ്. മത്തി ശരിയായി വെച്ചു കഴിഞ്ഞാൽ ശങ്കരാടി തൻ്റെ മത്തി തീറ്റ ആരംഭിക്കും. തള്ളവിരലും ചൂണ്ടുവിരലും പെയോഗിച്ച് ഒരു മത്തിയുടെ വാലിൽ പിടിച്ച് തൻ്റെ തല വരെ പൊക്കും. മുഖം ഉയർത്തി ഉണ്ടക്കണ്ണുകൾ മിഴിച്ച് മത്തിയെ പരുഷമായൊന്നു നോക്കും. വാ പൊളിക്കും. മത്തിയുടെ തല വായയിലേക്കിറക്കും. ചവച്ച് ചവച്ച് മുള്ളുൾപ്പടെ  വാലടക്കം തിന്നും. അടുത്ത മത്തിയുടെ വാലിൽ പിടിക്കും. ഇതെല്ലാം കണ്ട  നിന്ന തോപ്പിൽ ഭാസി എഴുതി, “ശങ്കരാടി മത്തി തിന്നുന്നത് ഒരു കലയാണ്.”

തോപ്പിൽ ഭാസി അന്നെഴുതിയ നാടകമാണ് പ്രശസ്തമായ ‘ മൂലധനം’ ഇതിലെ മാടറപ്പുകാരൻ അസനാർ എന്ന കഥാപാത്രമാണ്  നാടക രംഗത്ത് ശങ്കരാടിയെ ഏറെ പ്രശസ്തനാക്കിയത് . അതിലെ  മുസ്ലിം കഥാപാത്രമായിയുള്ള  ശങ്കരാടിയുടെ വേഷപ്പകർച്ച നാടകവേദിയിലെ ആ  കാലത്തെ  ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ നിഷ്പ്രഭമാക്കി.

എം ടിയുടെ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധന്റെ നോട്ടക്കാരൻ അച്യുതൻ നായർ ശങ്കരാടിയുടെ മറ്റൊരു കരുത്തുറ്റ കഥാപാത്രമാണ്. ‘അടിയിലും മേലെ ഒരു ഒടിയില്ല’ എന്ന് വിശ്വസിക്കുന്ന ഭ്രാന്തൻ വേലായുധനെ അടിച്ച് ചികിത്സിക്കുന്ന അച്യുതൻ നായരായി ശങ്കരാടി അഭിനയിക്കുന്നത് കണ്ടപ്പോൾ എം ടിക്ക് അത്ഭുതം തോന്നി. ശങ്കരാടി അഭിനയിച്ച നാടകങ്ങളൊന്നും കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖവും. 

തൊണ്ണൂറുകളിൽ വന്ന ശ്രീനിവാസൻ -സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൻ്റെ ചിത്രങ്ങളാണ് ഇപ്പോഴും മലയാള സിനിമയെ ചില പ്രവണതകളെ മാറ്റി മറിച്ച പടങ്ങൾ. ഈ ചിത്രങ്ങളുടെ പ്രത്യേകതകൾ  അതിലെ അഭിനേതാക്കളെല്ലാം ഈ സിനിമകളിൽ  തുല്യ പ്രാധാന്യമുള്ള  താരങ്ങളാകുന്നു എന്നതാണ്.

സത്യൻ അന്തിക്കാടിൻ്റെ ആ കാലത്തെ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ശങ്കരാടി. ‘ചുക്കില്ലാത്ത കഷായമില്ല’ എന്ന് പറഞ്ഞ പോലെ ശങ്കരാടിയില്ലാത്ത വളരെ കുറച്ച് പടങ്ങളെ താൻ സംവിധാനം ചെയ്തിട്ടുള്ളൂവെന്ന് അന്തിക്കാട് ഒരിക്കൽ പറയുക പോലും ചെയ്തു. ബ്ലാക്ക് ആൻ്റ് വൈറ്റ് കാലത്ത് നിന്ന് കളർചിത്രങ്ങളിലേക്ക്ശൈലി പകർന്ന ശങ്കരാടി തൻ്റെ സ്വാഭാവിക അഭിനയം ഏറ്റവും നന്നായി കാഴ്ചവച്ചത്  സത്യൻ അന്തിക്കാട് ചിത്രങ്ങളിലാണ്.

1970 ലും 71 ലും മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുസ്ക്കാരം ശങ്കരാടിയെ തേടിയെത്തി. തൊണ്ണൂറുകളിൽ മികച്ച വേഷങ്ങളുണ്ടായിട്ടും അംഗീകാരങ്ങൾ ഒഴിഞ്ഞുപോയി.

രോഗം വന്നതോടെ, ഡയലോഗുകൾ തെറ്റുകയും ഓർമ പാളുകയും ചെയ്യുന്നെന്ന് അറിഞ്ഞ ഘട്ടത്തിൽ  പതുക്കെ ശങ്കരാടി അഭിനയത്തിൽ നിന്ന് പിൻവാങ്ങി. ചെറായിയിലെ വീട്ടിൽ അവസാന കാലം ചെലവഴിച്ച ശങ്കരാടി 2001 ഒക്ടോബർ 9 ന് വിടവാങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*