രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്. തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് വിജയ് പറഞ്ഞു. നമുക്ക് വേണ്ടത് മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളെയാണ്. 

നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നതാണ് തന്റെ ആഗ്രഹമെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ പലമേഖലകളിലും നല്ല നേതാക്കൾ ഇല്ലെന്ന് വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരുകയും നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കി കൃത്യമായി നിരീക്ഷിക്കണമെന്നും അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയുള്ളൂവെന്നും വിജയ് ചട​ങ്ങിൽ പറഞ്ഞു. തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാനെന്ന് വിജയ് കുട്ടികളോട് പറഞ്ഞു. 

സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്നും ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്നും വിജയ് കുട്ടികളോട് പറഞ്ഞു. ചടങ്ങിനെത്തിയ വിജയ് വേദിയിൽ ഇരിക്കാതെ കുട്ടികളോടൊപ്പം സദസിലാണ് ആദ്യം ഇരുന്നത്. ‌ പ്രബലജാതിക്കാരായ സഹപഠികൾ മർദിച്ച ദളിത്‌ വിദ്യാർത്ഥിക്കൊപ്പമാണ് വിജയ് ഇരുന്നത്. 

കൂടാതെ തമിഴ്നാടിനെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയ‌യ്‌ക്കെതിരെയും താരം തുറന്നടിച്ചു. സേ നോ ടു ‍ഡ്രഗ്സ്, സേ നോ ടു ടെംപററി പ്ലഷേഴ്സ് എന്ന് കുട്ടികളെ കൊണ്ടു പ്രതി‍ജ്ഞ എടുപ്പിച്ചാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*