നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിക്കെ തുറന്ന സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ദിലീപ് കോടതിയില്‍. അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണെന്നാണ് പ്രതിയായ ദിലീപിന്റെ വാദം. വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് കെ.ബാബു പരിഗണിക്കുമ്പോഴാണു ദിലീപ് തന്റെ ഭാഗം അറിയിച്ചത്.

അതേസമയം അന്വേഷണം ആവശ്യപ്പെട്ടതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ആരാഞ്ഞു. എന്നാല്‍ വിചാരണ അനന്തമായി നീട്ടി കൊണ്ടുപോകാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള അറിയിച്ചു. കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പ് 425 അടക്കമുള്ളവപ്രകാരം കേസെടുക്കാനാകുമെന്ന് ഡിജിപിയും അറിയിച്ചു. ഡിജിപിയുടെ വാദം പൂര്‍ത്തിയാകാത്തതും നടിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ഹാജരാകുന്നതും പരിഗണിച്ച് ഹർജി വീണ്ടും ജൂലൈ 31ലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*